Crime News

അനധികൃത മണ്ണ് ഖനനവും വയല്‍ നികത്തലും; മൂന്ന് വാഹനങ്ങള്‍ പിടികൂടി

Posted on: 18 Apr 2015



കോതമംഗലം:
പിണ്ടിമന പഞ്ചായത്തില്‍ അനധികൃത മണ്ണ് ഖനനം നടത്തി വയല്‍നികത്തല്‍ നടത്തി ക്കൊണ്ടിരുന്ന മൂന്ന് ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും റൂറല്‍ എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. മാലിപ്പാറ പള്ളിക്ക് സമീപം ഒരു വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് മണ്ണെടുത്ത് ചേലാട് ചെമ്മീന്‍കുത്ത് ഭാഗത്ത് വയല്‍ നികത്തുന്നതിനിടെയാണ് വാഹനങ്ങള്‍ പിടികൂടിയത്.
പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരമാണ് അനധികൃതമായി നികത്തുന്നത്. ലോക്കല്‍ പോലീസിനെ അറിയിച്ചിട്ട് നടപടിയെടുക്കാതെ വന്നപ്പോള്‍ നാട്ടുകാര്‍ റൂറല്‍ എസ്.പി.യെ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
പിടിച്ചെടുത്ത വാഹനങ്ങള്‍ പിന്നീട് കോതമംഗലം പോലീസിന് കൈമാറി.താലൂക്കില്‍ റവന്യു-പഞ്ചായത്ത്-കൃഷി-പോലീസ് അധികാരികള്‍ മണ്ണ് മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നതാണ് വയല്‍ നികത്തല്‍ വ്യാപകമാവാന്‍ കാരണമെന്ന് ആരോപണമുണ്ട്. പിണ്ടിമന, വാരപ്പെട്ടി, നെല്ലിക്കുഴി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ വയലും തണ്ണീര്‍ത്തടവും നികത്തുന്നത് തകൃതിയായി നടക്കുന്നുണ്ട്.

 

 




MathrubhumiMatrimonial