Crime News

ഗേറ്റ് ഇടിച്ചുപൊളിച്ച് കാര്‍ റെയില്‍വേ ട്രാക്കിലേക്ക്; ഡ്രൈവര്‍ അറസ്റ്റില്‍

Posted on: 18 Apr 2015


ചെങ്ങന്നൂര്‍: ചെറിയനാട്ടെ ലവല്‍ക്രോസ് ഇടിച്ചു പൊളിച്ച് കാര്‍ റയില്‍വേ ട്രാക്കിലേക്ക് കയറ്റിയതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അറസ്റ്റില്‍. മാവേലിക്കര വെട്ടിയാര്‍ കൊയ്പള്ളില്‍ പുതിയവീട്ടില്‍ രഘുനാഥക്കുറുപ്പിനെ (45) ആണ് ആര്‍.പി.എഫ്. എസ്.ഐ. എസ്.അരുണന്‍ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ലവല്‍ക്രോസിലെ അടച്ചിട്ടിരുന്ന ഗേറ്റ് ഇടിച്ച് പൊളിച്ച് ട്രാക്കിലേക്ക് കയറിയത്. ഓന്നാം ട്രാക്ക് കടന്ന കാര്‍ രണ്ടാം ട്രാക്കിലേക്ക് കയറി നിന്നു. ഈ സമയം ചെങ്ങന്നൂരില്‍നിന്ന് വിട്ട എറണാകുളം- കൊല്ലം പാസ്സഞ്ചര്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഗേറ്റ്മാന്‍ സിഗ്നല്‍ കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ചതുകൊണ്ട് അപകടം ഒഴിവായി. ലവല്‍ ക്രോസില്‍നിന്ന് 100 മീറ്റര്‍ മാറിയാണ് ട്രെയിന്‍ നിര്‍ത്തിയത്.

പിന്നീട്, നാട്ടുകാര്‍ കൂടി ട്രാക്കില്‍നിന്ന് കാര്‍ തള്ളിമാറ്റി. 15 മിനിറ്റിന് ശേഷമാണ് ട്രെയിന്‍ കടന്നു പോയത്. രഘുനാഥക്കുറുപ്പിനൊപ്പം കുടുംബവും ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. രഘുനാഥക്കുറുപ്പിന്റെ ഭാര്യാ പിതാവിന്റേതാണ് കാര്‍. ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.

 

 




MathrubhumiMatrimonial