Crime News

നിലമേലില്‍ റേഷനരി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന കേന്ദ്രത്തില്‍നിന്ന് 800 ചാക്ക് അരി പിടിച്ചു; നാലുപേര്‍ അറസ്റ്റില്‍

Posted on: 18 Apr 2015


ചടയമംഗലം: ദാരദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കുന്ന അരി ബ്രാന്‍ഡഡ് ആക്കി മാറ്റി പുതിയ കവറുകളിലാക്കി വില്‍ക്കാന്‍ വച്ചിരുന്നത് പോലീസ് പിടിച്ചെടുത്തു. നിലമേല്‍ കണ്ണങ്കോട്ടെ കേന്ദ്രത്തില്‍നിന്ന് 570 ചാക്ക് റേഷനരിയും സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍നിന്ന് 230 ചാക്ക് അരിയുമാണ് പോലീസ് പിടികൂടിയത്. സംഭവസ്ഥലത്ത് സിവില്‍ സപ്ലൈസ് ഉദ്യാഗസ്ഥരെത്തി കണക്കെടുപ്പ് നടത്തുകയാണ്.

പിക്കപ് വാനിന്റെ ഡ്രൈവറടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. നഗരൂര്‍ സ്വദേശി ബാബു(60), ബംഗാളികളായ റഫീക്ക്(25), ജസൂര്‍ അലി(19), മുഫലാത് ഇസ്ലാം(19) എന്നിവരെയാണ് കടയ്ക്കല്‍ സി.ഐ. ബി.ഹരികുമാര്‍, ചടയമംഗലം എസ്.ഐ. സജുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പച്ചരി, പുഴുക്കലരി, ഗോതമ്പ് എന്നിവയും പിടിച്ചെടുത്തവയിലുണ്ട്. വിവിധ റേഷന്‍ കടകളില്‍നിന്നും ഹോള്‍സെയില്‍ ഡിപ്പോകളില്‍നിന്നും കടത്തുന്ന അരിയാണ് ഇങ്ങനെ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നത്. കര്‍ണ്ണാടകയിലുള്ള കമ്പനിയാണ് ഇതിന് പിന്നില്‍. ഡോള്‍ഫിന്‍ എന്നാണ് കവറിലുള്ള പേര്. അരി കഴുകി വൃത്തിയാക്കി 50 കിലോഗ്രാം കൊള്ളുന്ന പുതിയ ചാക്കിലേക്ക് മാറ്റിയാണ് വിതരണം ചെയ്യുന്നത്. കിളിമാനൂര്‍ സ്വദേശിയുടേതാണ് നിലമേലിലെ ഗോഡൗണ്‍. ചടയമംഗലം, കടയ്ക്കല്‍ എന്നിവിടങ്ങളിലെ റേഷന്‍ ഹോള്‍സെയില്‍ ഡിപ്പോകളിലെ അരിയാണ് ബ്രാന്‍ഡ് ചെയ്ത് വിതരണം ചെയ്യുന്നതെന്നും ആരോപണമുണ്ട്. കണ്ണങ്കോട്ട് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ അരി വില്‍ക്കാനുള്ള ലൈസന്‍സിന്റ മറവിലാണ് അരി കടത്തുന്നത്.

 

 




MathrubhumiMatrimonial