Crime News

ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

Posted on: 17 Apr 2015


തൃശ്ശൂര്‍: ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഐപ്പ് വര്‍ഗ്ഗീസിനെ വിജിലന്‍സ് അറസ്റ്റുചെയ്തു. ഇദ്ദേഹം കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ചാനല്‍ പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിലുള്ള കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റിലായ ഇദ്ദേഹത്തെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

രജിസ്ട്രാര്‍ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. സര്‍വകലാശാല അച്ചടി ജോലികള്‍ക്ക് കരാര്‍ നല്‍കാനായി പ്രിന്റിങ് കമ്പനി പ്രതിനിധിയെന്ന രീതിയിലാണ് ചാനല്‍ പ്രതിനിധി ജെയ്‌സണ്‍ ചാമവളപ്പില്‍ ഇദ്ദേഹത്തെ സമീപിച്ചത്.

ഫിബ്രവരി ഒന്നിനായിരുന്നു ഐപ്പ് കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് അഴിമതിനിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ വിജിലന്‍സ് സ്വമേധയാ കേസെടുത്തു. ഫിബ്രവരി നാലിന് വിജിലന്‍സ് സി.ഐ. സലില്‍കുമാര്‍ പ്രാഥമികാന്വേഷണം നടത്തി തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ചു. ഡിവൈ.എസ്.പി. എ. രാമചന്ദ്രനായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

വ്യാഴാഴ്ച ഐപ്പ് വര്‍ഗീസിനെ മൂന്നുമണിക്കൂറിലധികം ചോദ്യം ചെയ്തു. 50,000 രൂപ വാങ്ങിയതായി സമ്മതിച്ച ഐപ്പ് ഇത് തന്നില്‍നിന്ന് വായ്പയായി വാങ്ങിയ തുക തിരികെ നല്‍കിയതാണെന്ന് വാദിച്ചു. പണം വാങ്ങുന്ന ദൃശ്യങ്ങളുള്‍പ്പെടെയുള്ളവ കാണിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

കോഴ കൈമാറിയ ഹോട്ടല്‍ മുറി, താമസിച്ച വീട് എന്നിവിടങ്ങളില്‍ ഐപ്പിനെയെത്തിച്ച് വിജിലന്‍സ് തെളിവെടുത്തു. 1.8 കോടി രൂപയ്ക്ക് നിര്‍മിക്കാനുദ്ദേശിച്ച ഒന്നര കിലോമീറ്റര്‍ റോഡും കലുങ്കുകളും 18 കോടി രൂപയ്ക്ക് കരാര്‍ മറിച്ചുനല്‍കി അഴിമതി നടത്തിയെന്ന പരാതിയിലും ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് കേസ് നടക്കുകയാണ്.

 

 




MathrubhumiMatrimonial