Crime News

ക്വട്ടേഷന്‍സംഘം യുവകലാകാരനെ നടുറോഡില്‍ കുത്തിക്കൊന്നു

Posted on: 14 Apr 2015


മാങ്കാംകുഴി (ആലപ്പുഴ): നാസിക് ഡോള്‍ ബാന്‍ഡ് സംഘത്തിലെ കലാകാരനെ ക്വട്ടേഷന്‍സംഘം നടുറോഡില്‍ കുത്തിക്കൊന്നു.
കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ 181ല്‍ പരേതനായ ടാന്‍സന്റെയും ഷാര്‍ലറ്റിന്റെയും മകന്‍ ഡെസ്റ്റമണ്‍ (26) ആണ് മരിച്ചത്. സപ്തംബറില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ദുരന്തം.

മാവേലിക്കര-പന്തളം റോഡില്‍ കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിന് മുന്‍വശം തിങ്കളാഴ്ച രാത്രി 1.30ഓടെയാണ് സംഭവം. ക്വട്ടേഷന്‍സംഘമാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊല്ലം ശാസ്താംകോട്ട ഹെവന്‍സ് റിഥം എന്ന നാസിക് ഡോള്‍ ട്രൂപ്പിലെ അംഗമാണ് ഡെസ്റ്റമണ്‍. ട്രൂപ്പിലെ അംഗങ്ങളായ ജിഫിന്‍, അഖില്‍, അരുണ്‍ എന്നിവരോടൊപ്പം മാവേലിക്കര പൊറ്റമേല്‍ക്കടവ് സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയില്‍ ബാന്‍ഡ്‌മേളം കണ്ടശേഷം തിരികെ ശാസ്താംകോട്ടയ്ക്ക് ബൈക്കിലും സ്‌കൂട്ടറിലുമായി പോകുകയായിരുന്നു. കൊച്ചാലുംമൂട്ടിലുള്ള പെട്രോള്‍ പമ്പില്‍നിന്ന് പെട്രോള്‍ നിറയ്ക്കുന്നതിനിടെ അവിടെ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കാറിന്റെ ഡിക്കി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡെസ്റ്റമണും കൂട്ടുകാരും ആ വിവരം കാറിലുണ്ടായിരുന്നവരെ ധരിപ്പിച്ചു. ഡിക്കി തുറന്നുകിടക്കുന്നതിന് നിങ്ങള്‍ക്കെന്താ കാര്യമെന്ന് ചോദിച്ച് കാറിലുണ്ടായിരുന്നവര്‍ തങ്ങളുമായി വാക്കുതര്‍ക്കമുണ്ടായതായി ഡെസ്റ്റമണിനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. തുടര്‍ന്ന് ശാസ്താംകോട്ടയിലേക്ക് പോകുകയായിരുന്നവരെ കാറിലെ സംഘം പിന്തുടര്‍ന്ന് കൃഷിത്തോട്ടത്തിന് മുന്നില്‍ വച്ച് ആക്രമിക്കുകയായിരുന്നു. ഡെസ്റ്റമണ്‍ ഓടിച്ചിരുന്ന ബൈക്കാണ് മുന്നിലുണ്ടായിരുന്നത്. ഡെസ്റ്റമണിനൊപ്പം ബൈക്കിന് പിന്നിലുണ്ടായിരുന്ന ജിഫിനെ അക്രമികള്‍ അടിച്ചുതാഴെയിട്ടു. അത് തടയുന്നതിനിടയിലാണ് ഡെസ്റ്റമണിന് കുത്തേറ്റത്. ഇടതുനെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം അക്രമിസംഘം സ്ഥലംവിട്ടു. പിന്നാലെ സ്‌കൂട്ടറിലെത്തിയ കൂട്ടുകാര്‍ ഡെസ്റ്റമണിനെ മാവേലിക്കരയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മാവേലിക്കര സി.ഐ. ജോസ് മാത്യു, എസ്.ഐ. മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എഡിസണ്‍ ഏക സഹോദരനാണ്.

മാങ്കാംകുഴിയിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.

 

 




MathrubhumiMatrimonial