goodnews head

നാടിന് ഒരു കോടിയുടെ വിഷുക്കൈനീട്ടം നല്‍കി സരസ്വതിയമ്മ ടീച്ചര്‍

Posted on: 13 Apr 2015


മല്ലപ്പള്ളി: ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വയാര്‍ജ്ജിത സ്വത്ത് മുഴുവന്‍ നാടിന് വിഷുക്കൈനീട്ടമായി നല്‍കി ശ്രീധരന്‍പിള്ളയും സരസ്വതിയമ്മ ടീച്ചറും മാതൃകയാകുന്നു. ജീവിതവഴിയില്‍ ആലംബം നഷ്ടമാവുന്ന വൃദ്ധജനങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. അരയേക്കര്‍ സ്ഥലമാണ് വയോജനകേന്ദ്രത്തിനായി ഇവര്‍ സംഭാവന നല്‍കുന്നത്. ഇപ്പോള്‍ താമസിക്കുന്ന വീടും ഇതില്‍ ഉള്‍പ്പെടും. വയോജനാലയത്തിന്റെ ഉദ്ഘാടനം വിഷുദിനമായ ബുധനാഴ്ച നടക്കും. തുരുത്തിക്കാട് പ്ലൂക്കട മേപ്രത്ത് എ.ജെ.സരസ്വതിയമ്മ വയനാട് വഞ്ഞോട്ട് എ.യു.പി.സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്നു. 1990ല്‍ വിരമിച്ചു. ഭര്‍ത്താവ് കവിയൂര്‍ മാകാട്ടില്‍ കുടുംബാംഗം. എം.എന്‍.ശ്രീധരന്‍പിള്ളയ്ക്ക് തയ്യല്‍പ്പണിയായിരുന്നു. എണ്‍പതുകളിലെത്തിയ ഇരുവരും ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. ഇവര്‍ക്ക് മക്കളില്ല.

ടീച്ചറിന് അമ്മ ജാനകിയമ്മയുടെ വീതമായി ലഭിച്ചതും പിന്നീട് വാങ്ങിയ 10 സെന്റും ചേര്‍ത്ത് 51 സെന്‍റ് സ്ഥലമാണുള്ളത്. ഏതെങ്കിലും പൊതുകാര്യത്തിനായി ഇവിടം വിട്ടുകൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ നിരവധി സന്നദ്ധസംഘടനകള്‍ എത്തിയിരുന്നു. എന്നാല്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി മുരണി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീഭദ്രാ സേവാസമിതിയുടെ ഗോകുലം ബാലാശ്രമത്തിന്റെ പ്രവര്‍ത്തനമാണ് ഇവരെ ഏറെ ആകര്‍ഷിച്ചത്. പിന്നെ താമസിച്ചില്ല. മല്ലപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി കഴിഞ്ഞദിവസം സമിതിക്ക് സ്ഥലം കൈമാറി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

ശ്രീഭദ്ര സേവാസമിതിയുടെ ഉപസമിതിയായി തുരുത്തിക്കാട് ജാനകിയമ്മ സ്മാരക സേവാകേന്ദ്രം തുടങ്ങി. ഇതിന്റെ ഭാഗമായി ചൈതന്യ വയോജനാലയം എന്ന പേരില്‍ വയോജനസംരക്ഷണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. എന്‍.പത്മകുമാര്‍ (പ്രസിഡന്റ്), കെ.എസ്.സതീഷ്‌കുമാര്‍ കൊശൂര്‍ (ജന. സെക്രട്ടറി), വി.എം.ജി.പണിക്കര്‍ (രക്ഷാധികാരി) എന്നിവര്‍ മുഖ്യചുമതല വഹിക്കും.

ബുധനാഴ്ച 10.30ന് പ്ലൂക്കട മേപ്രത്ത് വീട്ടില്‍ ചേരുന്ന ലളിതമായ ചടങ്ങില്‍ നാടിന് പൊന്‍കണിയേകിയ ദമ്പതിമാരായ ശ്രീധരന്‍പിള്ളയെയും സരസ്വതിയമ്മ ടീച്ചറിനെയും പൊന്നാടയണിയിച്ച് ആദരിക്കും.

 

 




MathrubhumiMatrimonial