goodnews head

അവര്‍ നന്ദിയോടെ സ്മരിക്കുന്നു; പാകിസ്താന്‍ നാവികരെ

Posted on: 12 Apr 2015


കോയമ്പത്തൂര്‍: െയമനിലെ കലാപഭൂമിയില്‍നിന്ന് തിരിച്ചെത്തിയ തുടിയല്ലൂരിലെ മൈക്കിള്‍സാമുവലും സഹപ്രവര്‍ത്തകരും നന്ദിയോടെ സ്മരിക്കുന്നത് പാകിസ്താന്‍ നാവികരെ. യുദ്ധഭൂമിയില്‍ നിസ്സഹായരായിനിന്ന 10 പേരെയാണ് പരമ്പരാഗത ശത്രുതമറന്ന്‌ െയമനില്‍നിന്ന് കറാച്ചിയിലെത്തിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ പാകിസ്താന്‍ നാവികര്‍ വഴിയൊരുക്കിയത്. കലാപഭൂമിയിലെ ദുരിതങ്ങള്‍ കോയമ്പത്തൂരില്‍വെച്ച് വിവരിക്കുമ്പോള്‍ പാകിസ്താന്‍ നാവികര്‍ നീട്ടിയ സൗഹൃദഹസ്തത്തിന് എത്ര നന്ദിപറഞ്ഞാലും മൈക്കിളിന് മതിയാവുന്നില്ല.

52കാരനായ മൈക്കിള്‍ യെമനിലെ മുക്കാല എണ്ണക്കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായി ജോലിചെയ്യുകയായിരുന്നു. അഭ്യന്തരകലാപത്തില്‍ െയമനിലെ ജനതയുടെ ജീവിതം ദുരിതാവസ്ഥയിലായിരിക്കയാണ്. ഇന്ത്യയില്‍നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുള്ളവര്‍ ജന്മനാട്ടിലേക്ക് മടക്കംതുടങ്ങി. അഭ്യന്തരകലാപം യുദ്ധസമാനമായതോടെ പലര്‍ക്കും പരിക്കേറ്റു. ചികിത്സലഭിക്കുകപോലും പ്രയാസമാണെന്ന് മൈക്കിള്‍ പറഞ്ഞു.

മൈക്കിളും മറ്റ് ഒമ്പതുപേരും ഇന്ത്യന്‍കപ്പല്‍ കാത്ത് നില്‍ക്കയായിരുന്നു. കപ്പല്‍ വൈകിയപ്പോള്‍ കറാച്ചിക്ക് പോകുന്ന പാകിസ്താന്‍ നാവികക്കപ്പലില്‍ ഇന്ത്യക്കാരെ കയറ്റി കറാച്ചിയിലെത്തിക്കാന്‍ തയ്യാറായി. തുടര്‍ന്ന്, ഇന്ത്യന്‍ എംബസി ന്യൂഡല്‍ഹിക്ക് വരാന്‍ സൗകര്യംചെയ്തു.

മാര്‍ച്ച് 15 മുതല്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മരണഭീതിയിലായിരുന്നു. തുറമുഖത്തുനിന്ന് 15കിലോമീറ്റര്‍ അകലെ ജെട്ടിയില്‍ തങ്ങുന്നതിനിടെയാണ് പാകിസ്താന്‍ നേവി സഹായഹസ്തം നീട്ടിയത്. ശത്രുതമറന്ന് ജെട്ടിയില്‍ക്കൂടിയിരുന്ന ഇന്ത്യക്കാരെ കറാച്ചിയിലെത്തിക്കാന്‍ അവര്‍ സന്മനസ്സ് കാട്ടി - മൈക്കിള്‍ പറഞ്ഞു.
കറാച്ചിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കാനുണ്ടായിരുന്നു. അവിടെനിന്ന് ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെ സ്വീകരണവും സന്തോഷകരമായിരുന്നെന്ന് മൈക്കിള്‍ പറഞ്ഞു.

 

 




MathrubhumiMatrimonial