goodnews head

കളഞ്ഞ് കിട്ടിയ ഒരു ലക്ഷംരൂപ തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ സമൂഹത്തിന് മാതൃകയായി

Posted on: 12 Apr 2015


അടിമാലി: സ്വകാര്യ ബസ്സില്‍ നിന്ന് റോഡില്‍ വീണപോയ പണം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ സമൂഹത്തിന് മാതൃകയായി. പള്ളിവാസല്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ കണ്ടോത്താഴത്ത് കെ.ആര്‍.രതീഷ് ആണ് പണം തിരികെ നല്‍കിയത്. ശനിയാഴ്ച അടിമാലിയില്‍ നിന്ന് ബൈസണ്‍വാലിയ്ക്ക് പോയ സൂര്യ ബസ്സില്‍ നിന്ന് ഒരു ലക്ഷംരൂപയുടെ പൊതി അമ്പഴച്ചാലില്‍വെച്ച് റോഡില്‍ വീണ് പോയി. ആനച്ചാലിലുള്ള വ്യക്തിക്ക് നല്‍കുന്നതിന് ബസ്സ് ഡ്രൈവര്‍ മന്നാംകാല തട്ടരരികത്ത് ഷിനുവിനെ ഏല്‍പ്പിച്ചതായിരുന്നു പണം. പണം ബസ്സിന്റെ സൈഡിലെ ബോക്‌സില്‍ സൂക്ഷിച്ചു. അടിഭാഗത്തെ ദ്വാരത്തിലൂടെ പണം റോഡില്‍ വീണ് പോയി. ഈ സമയത്താണ് രതീഷ് അടിമാലിക്ക് സവാരി വന്നതും പണപ്പൊതി രതീഷിന്റെ കയ്യില്‍ കിട്ടിയതും. ഈ സമയം ഓട്ടോയിലുണ്ടായിരുന്ന കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസര്‍ എം.ഇ.സുബൈറിനെയും കൂട്ടി പണം അടിമാലി സി.ഐ. സജി മാര്‍ക്കോസിനെ രതീഷ് ഏല്‍പ്പിച്ചു. പൊതിക്കെട്ടിന് പുറത്ത് എഴുതിയിരുന്ന അഡ്രസ്സില്‍ പോലീസ് ബന്ധപ്പെട്ടതോടെയാണ് പണം നഷ്ടപ്പെട്ടത് ബസ്സില്‍ നിന്നാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ബസ്സ്‌ ൈഡ്രവറെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി രതീഷിന്റെ സാന്നിദ്ധ്യത്തില്‍ പണം ഷിനുവിനെ ഏല്‍പ്പിച്ചാണ് ഓട്ടോ ഡ്രൈവര്‍ നാടിന് മാതൃകയായത്.

 

 




MathrubhumiMatrimonial