
മിഥുന്‍രാജിനെത്തേടി സഹായമെത്തിത്തുടങ്ങി
Posted on: 08 Apr 2015
ശ്രീകാന്ത് കോട്ടക്കല്‍
![]() |
മിഥുന്‍ രാജിന്റെ സങ്കടാവസ്ഥ മാതൃഭൂമിയില്‍ നിന്നുമറിഞ്ഞ് സാമ്പത്തിക സഹായവുമായി എത്തിയ ഷിബുലാല്‍ പുല്‍പ്പറമ്പില്‍ മിഥുന്‍ രാജിന് തുക കൈമാറുന്നു. സമീപം ഭാര്യ ഷെജി, മകന്‍ അലോഷ്, കരുവട്ടൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.എ ബീന, മിഥുന്‍രാജിന്റെ അമ്മ കുമാരി എന്നിവര്‍. ഫോട്ടോ: കൃഷ്ണകൃപ |
കോഴിക്കോട്: രണ്ടുവര്‍ഷംമുമ്പു നടന്ന അപകടത്തെത്തുടര്‍ന്ന് തളര്‍ന്നുപോയ കാക്കൂരിലെ മിഥുന്‍രാജിനെത്തേടി മനസ്സിന്റെ നന്മവറ്റാത്തവരുടെ സഹായമെത്തിത്തുടങ്ങി. കിടക്കയില്‍നിന്നെഴുന്നേല്‍ക്കണമെങ്കില്‍പ്പോലും പരസഹായമാവശ്യമുള്ള മിഥുന്റെ ജീവിതത്തെക്കുറിച്ച് കഴിഞ്ഞദിവസം 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു.
പാളയം പച്ചക്കറിമാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ മലാപ്പറമ്പിലെ ഷിബുലാല്‍ പുല്‍പ്പറമ്പിലാണ് മിഥുന് താങ്ങായി എത്തിയത്. മിഥുന്റെ അവസ്ഥ മനസ്സിലായ ഷിബുലാല്‍ കുടുംബത്തോടൊപ്പമെത്തിയാണ് സാമ്പത്തികസഹായം കൈമാറിയത്.
ഷിബുലാലിന്റെ ഭാര്യ ഷെജി, മകന്‍ അലോഷ്, കുരുവട്ടൂര്‍ കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ടി.എ.ബീന എന്നിവരും മിഥുന്റെ വീട്ടിലെത്തി. മരണത്തിന്റെ മുമ്പില്‍നിന്നാണ് മിഥുന്‍രാജ് ജീവിതത്തിലേക്കു വന്നത്. പല ശസ്ത്രക്രിയകള്‍ക്കു ശേഷമാണ് മിഥുന്‍ ഇപ്പോഴത്തെ സ്ഥിതിയിലെത്തിയത്. മരുന്നിനുപോലും പണം കണ്ടെത്താന്‍കഴിയാതെ വലയുകയാണ് മിഥുന്റെ അച്ഛനും അമ്മയും.
സഹായത്തിന്: ഗ്രാമീണ്‍ ബാങ്ക്, കുരുവത്തൂര്‍ ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 40189101043349
ജീവിതത്തിനും മരണത്തിനുമിടയില്‍ സങ്കടക്കടലായി മിഥുന്‍രാജ്

കോഴിക്കോട്: രണ്ട ് വര്‍ഷം മുമ്പ് ഒരു രാത്രി വീട്ടില്‍ വിരുന്നുവന്ന സുഹൃത്തിന് തിരിച്ചുപോകാന്‍ ബസ്സ് കിട്ടിയിരുന്നെങ്കില്‍ മിഥുന്‍രാജ് എന്ന 22 വയസ്സുകാരന്‍ ഇപ്പോള്‍ മിടുക്കനായി ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്ത് തുടങ്ങിയിട്ടുണ്ടാകും. അച്ഛന്‍ വിജയനും അമ്മ കുമാരിയ്ക്കും അവന്‍ താങ്ങായിട്ടു ാകും.എന്നാല്‍ ഇന്ന് മിഥുന്‍ കിടക്കയില്‍ മലര്‍ന്നുകിടക്കുന്ന ഒരു രൂപം മാത്രമാണ്. തടിച്ച്,വലത്തേ തലയോട്ടിയുടെ സ്ഥാനത്ത് കുഴിഞ്ഞ്,ഇഴഞ്ഞിഴഞ്ഞ വാക്കുകളില്‍ എന്തൊക്കെയോ പറഞ്ഞ്....
സുഹൃത്തിനെ ബൈക്കില്‍ കൊണ്ടുവിട്ടു തിരിച്ചുവരുമ്പോള്‍ ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ച മിഥുന്‍ മണിക്കൂറുകളോളം വഴിയില്‍ക്കിടന്നു.ആദ്യത്തെ പതിനെട്ട് ദിവസം മരിക്കും എന്ന് വൈദ്യശാസ്ത്രം വിധിപറഞ്ഞു. മരണത്തെ മറികടന്നപ്പോള്‍ ഓര്‍മ്മ നഷ്ടപ്പെടും എന്ന് പറഞ്ഞു.എല്ലാം കഴിഞ്ഞ് ഇപ്പോള്‍ തിരിച്ചുകിട്ടിയത് മരണത്തിനും ജീവിതത്തിനും മധ്യേയുള്ള ഈ നിര്‍ജ്ജീവാവസ്ഥ. മങ്ങിയ ഓര്‍മ്മകള്‍.കലങ്ങിയ ചിന്തകള്‍
മിഥുന്റെ ശരീരത്തില്‍ ഇപ്പോള്‍ സിരകള്‍ക്കൊപ്പം പല പല ട്യൂബുകള്‍ പാഞ്ഞുപോകുന്നു.ജീവനും ഓര്‍മ്മയും നിലനിര്‍ത്താനുള്ള സാങ്കേതികശ്രമങ്ങള്‍.ശരീരമാകെ നീരുവന്ന് തടിച്ചിരിക്കുന്നു. ഓപ്പറേഷനുകള്‍ കഴിഞ്ഞ വടുക്കള്‍ ശരീരത്തില്‍ അവിടവിടെ. കട്ടിലില്‍നിന്ന് എഴുനേല്‍ക്കണമെങ്കില്‍പ്പോലും പിടിക്കണം.ഭക്ഷണം എടുത്ത് കൊടുക്കണം.എല്ലാറ്റിനും പരസഹായം വേണം.
ഇതുവരെ മൂന്ന് വലിയ ശസ്ത്രക്രിയകള്‍ മിഥുന്റെ ശരീരത്തില്‍ ചെയ്തുകഴിഞ്ഞു. മരിച്ചു എന്ന് തീര്‍ച്ചയാക്കിയ മകന്‍ കാഴ്ചയ്‌ക്കെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നത് അതുകൊണ്ടാണ്.എന്നാല്‍ എല്ലാ തരത്തിലും തകര്‍ന്നുപോയ മിഥുന്റെ ജീവിതത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വൈദ്യശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പോകണം.പഴയതുപോലെ പ്രസരിപ്പുള്ള മകനെ തിരിച്ചുകിട്ടാനായി മിഥുന്റെ മാതാപിതാക്കളായ വിജയനും കുമാരിയും ഭൂമിയുടെ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്.എന്നാല്‍ വിറ്റുപെറുക്കാന്‍പോലും ഒന്നുമില്ലാത്ത അവര്‍ മകനോടുള്ള സ്‌നേഹത്തിനും സാമ്പത്തിക നിസ്സഹായതയ്ക്കും മധ്യേ ഒന്നും ചെയ്യാനാകാതെ തകര്‍ന്നിരിക്കുന്നു. തങ്ങളുടെ ദാരിദ്ര്യത്തിന് മകന്റെ ജീവിതമാണ് പണയാമായിരിക്കുന്നത് എന്ന കാര്യം ഇവരെ കൂടുതല്‍ തളര്‍ത്തുന്നു.
പരസ്യബോര്‍ഡുകളും ബാനറുകളും വരക്കുകയാണ് വിജയന്റെ ജോലി.അങ്ങിനെ കിട്ടുന്ന വരുമാനം മിഥുന്റെ മരുന്നിന് പോലുമാകുന്നില്ല.മാസം പതിനയ്യായിരം രൂപ ഫിസിയോ തെറാപ്പിക്കു മാത്രം വേണം.ഒരു കെട്ടിടത്തിന്റെ മുകളിലാണ് താമസം.മൂവ്വായിരം രൂപയിലധികമാണ് വാടക. ലക്ഷങ്ങളുടെ ചെലവ് വരും ചെയ്യാനുള്ള ഓപ്പറേഷനുകള്‍ക്ക്.
ഓരോ ദിവസവും കഴിഞ്ഞ് പോകുമ്പോള്‍ വിജയന്റേയും കുമാരിയുടേയും മനസ്സിലെ തീക്കൂനയുടെ ചൂട് കൂടിക്കൂടി വരുന്നു.തങ്ങളുടെ സ്‌നേഹവും സ്വപ്‌നവും അകത്തെ മുറിയില്‍ ഒന്നും ചെയ്യാനാകാതെ എന്നാല്‍ എല്ലാമറിഞ്ഞുകൊണ്ട് തകര്‍ന്ന ശരീരവുമായി കിടക്കുന്നു എന്ന അറിവ് അവരുടെ ജീവിതത്തിലാകെ ഇരുട്ട് നിറയ്ക്കുന്നു.സഹായത്തിനാര് എന്ന ചോദ്യത്തിന് ദൈവം എന്ന് പോലും പറയാന്‍ ഇന്ന് ഇവര്‍ക്കാകുന്നില്ല. വാക്കുകളും പ്രതീക്ഷകളും അസ്തമിച്ച് മകന്റെ കിടക്കക്കരികില്‍ ഇരിക്കുന്നു ആ അച്ഛനമമ്മാര്‍.അവരുടെ അവസ്ഥ കണ്ട ് സ്വന്തം അവസ്ഥ മറന്ന് നനഞ്ഞ കണ്ണുകളോടെ മിഥുനും.
