
ഹര്‍ത്താല്‍ ചോറിന്റെ നല്ല പാഠം
Posted on: 09 Apr 2015

കണ്ണൂര്‍: വാഹനങ്ങള്‍ ഓടാതിരുന്നതോ കടകള്‍ തുറക്കാതിരുന്നതോ ആയിരുന്നില്ല ബുധനാഴ്ചത്തെ ഹര്‍ത്താലില്‍ കണ്ണൂരില്‍നിന്നുള്ള വിശേഷം. വിശന്നുവലഞ്ഞവര്‍ക്ക് പൊതിച്ചോറുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസമായി പോലീസിന്റെ വാഹനം. ഹര്‍ത്താലിന്റെ കഥയറിയാതെ കണ്ണൂരില്‍ കുടുങ്ങിയ വിദേശികള്‍ക്ക് വഴിയാത്രക്കാരന്റെ സഹായം. ചപ്പാത്തിയും ചിക്കനും ബിരിയാണിയുമായി ജയിലിന്റെ വാഹനം. കണ്ണൂരില്‍ പതിവില്ലാത്ത കാഴ്ചകളും അനുഭവങ്ങളുമായിരുന്നു ഈ ഹര്‍ത്താലില്‍.
ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും ട്രോമാകെയറിന്റെയും പ്രവര്‍ത്തകരാണ് പൊതിച്ചോറുമായി നഗരത്തിലിറങ്ങിയത്. മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കും നഗരത്തില്‍ അലഞ്ഞുതിരിയുന്നവര്‍ക്കും എല്ലാ ഞായറാഴ്ചയും ഇവര്‍ ഭക്ഷണം നല്‍കാറുണ്ടായിരുന്നു. ഞായറാഴ്ചദിവസങ്ങളില്‍ ഹോട്ടലുകളും മറ്റും അവധിയായതിനാല്‍ ഇവര്‍ക്ക് ഭക്ഷണം കിട്ടാന്‍ പ്രയാസമുള്ളതിനാലാണ് ഈ നടപടി. ഹര്‍ത്താലില്‍ നഗരത്തില്‍ കുടുങ്ങുന്നവരെല്ലാം ഭക്ഷണം കിട്ടാതെ വലയുമെന്നതിനാലാണ് പൊതിച്ചോറുമായി ഇവര്‍ ബുധനാഴ്ച നഗരത്തിലിറങ്ങിയത്.
150 പൊതിച്ചോറാണ് ഇവര്‍ വാങ്ങിയത്. കാല്‍ടെക്‌സ് മുതല്‍ ജില്ലാ ആസ്പത്രിവരെയുള്ള സ്ഥലങ്ങളില്‍ ബൈക്കിലെത്തിയായിരുന്നു വിതരണം. റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയവര്‍ക്കും ഭക്ഷണം നല്‍കി. വെജിറ്റബിള്‍ ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറുമാണ് നല്‍കിയത്. ഹര്‍ത്താല്‍ ദിനത്തില്‍ ആദ്യവിതരണമായതിനാല്‍ എത്ര ആവശ്യക്കാരുണ്ടാകുമെന്ന് കണക്കാക്കാനായില്ലെന്ന് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സംസ്ഥാന സെക്രട്ടറി നൗഷാദ് വയക്കല്‍ പറഞ്ഞു. അതിനാല്‍ എല്ലാവര്‍ക്കും പൊതിച്ചോറ് നല്‍കാനായില്ലെന്ന സങ്കടമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എട്ട് ബൈക്കിലും ഒരു ജീപ്പിലുമായാണ് ഇവര്‍ ഭക്ഷണമെത്തിച്ചത്. അടുത്ത ഹര്‍ത്താലിനു 300 പൊതിച്ചോറുകള്‍ നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. പതിനായിരം രൂപ ഭക്ഷണത്തിനായി ചെലവായി. ഇതില്‍ മയ്യിലിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയാണ് പ്രധാനമായും സഹായം നല്‍കിയത്. വിഹെല്‍പ് കോഓര്‍ഡിനേറ്റര്‍ വി.പി.സജിത്ത്, ഉണ്ണി പുത്തൂര്‍, എം.എസ്.കോയിപ്ര, ടാക്ക് ഭാരവാഹികളായ ബിനോയി, ഖാലിദ് അബൂബക്കര്‍, അനിരുദ്ധ്, അബൂബക്കര്‍ എന്നിവര്‍ ഭക്ഷണ വിതരണത്തിനു നേതൃത്വം നല്‍കി.
തിരുവനന്തപുരത്തുനിന്ന് ഓട്ടോയില്‍ കേരളം ചുറ്റാനിറങ്ങിയ വിദേശ ദമ്പതിമാരാണ് വഴിയില്‍ കുടുങ്ങിയത്. ചാല ബൈപ്പാസില്‍ ഇവരുടെ ഓട്ടോ കേടായി. ഇതുവഴിവന്ന മറ്റുവണ്ടിക്കാരന്‍ ഇവിടെ നിര്‍ത്തി സഹായിച്ചു. ഒരുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഓട്ടോ നന്നാക്കി ഇവരെ യാത്രയയച്ചു. ജയിലിന്റെ വാഹനം ഹര്‍ത്താല്‍ദിനത്തില്‍ നേരത്തേ നഗരത്തിലിറങ്ങി. ബിരിയാണിയും ചിക്കന്‍കറിയും ചപ്പാത്തിയും നിറച്ച് പഴയസ്റ്റാന്‍ഡ് പരിസരത്ത് ഇവര്‍ കേന്ദ്രീകരിച്ചു. നിരവധിപേരാണ് ജയില്‍ ഭക്ഷണംകൊണ്ട് ഹര്‍ത്താല്‍ദിനത്തില്‍ വിശപ്പടക്കിയത്.
