Crime News

പിടികിട്ടാപ്പുള്ളി 'വലയില്‍' കുടുങ്ങി; പിന്നെ പുഴയില്‍ ചാടി

Posted on: 09 Apr 2015


കോഡൂര്‍: പിടികിട്ടാപ്പുള്ളി പോലീസ് വലയിലായി. പിന്നീട് പോലീസിനെ കബളിപ്പിച്ച് പുഴയില്‍ ചാടി രക്ഷപ്പെട്ടു.

മണല്‍ക്കേസില്‍ പ്രതിയായ കോഡൂര്‍ മുണ്ടക്കോട് സ്വദേശി ഷംനാദാണ് മലപ്പുറം പോലീസ്‌സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി ഉമ്മത്തൂര്‍കടവില്‍ പുഴയില്‍ ചാടിയത്. ദിവസങ്ങള്‍ക്കുമുമ്പ് മണല്‍ക്കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിക്കാനെത്തിയപ്പോള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടതായിരുന്നു.

ഒളിവിലായിരുന്ന പ്രതി ബുധനാഴ്ച വീട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ പോലീസ് രാവിലെ 11 മണിയോടെ വീട്ടിലെത്തുകയായിരുന്നു. പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായി മല്‍പ്പിടിത്തമുണ്ടായി. മലപ്പുറം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്ളബാബുവിന് ആക്രമണത്തില്‍ പരിക്കേറ്റു. ഓടിയ പ്രതിയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ഉമ്മത്തൂര്‍ പുഴക്കടവിലെത്തിയപ്പോള്‍ കാലിലെ മസില്‍ കയറിയെന്നുനടിച്ചു. ഇതിനിടെ പോലീസിന്റെ ശ്രദ്ധ തെറ്റിയപ്പോള്‍ കടലുണ്ടിപ്പുഴയിലെ ഉമ്മത്തൂര്‍ കടവില്‍ ചാടി പ്രതി രക്ഷപ്പെട്ടു.

പരിക്കുപറ്റിയ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്ളബാബു മലപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. പോലീസിനെ ആക്രമിച്ചെന്ന കേസില്‍ പ്രതിയുടെ മാതാവ് അസ്മാബിയെ കോടതി റിമാന്‍ഡ്‌ചെയ്തു.

 

 




MathrubhumiMatrimonial