Crime News

ലോറിയിടിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ലോറികയറി പരിക്ക്

Posted on: 09 Apr 2015


കുറ്റിപ്പുറം: ലോറി ഇടിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിനുമുകളിലൂടെ അതേ ലോറി കയറിയിറങ്ങി. കുറ്റിപ്പുറം ബംഗ്ലാംകുന്ന് എരിഞ്ഞിക്കല്‍ കൃഷ്ണന്റെ മകള്‍ കീര്‍ത്തന (19)യാണ് പരിക്കേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലുള്ളത്.

കഴിഞ്ഞദിവസം വൈകീട്ട് തവനൂര്‍ റോഡ് ജങ്ഷനിലാണ് അപകടമുണ്ടായത്. എടപ്പാള്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറിയും സ്‌കൂട്ടറും.

സ്‌കൂട്ടറില്‍ കീര്‍ത്തനയുടെ അമ്മയും കൂടെയുണ്ടായിരുന്നു. തവനൂര്‍ റോഡ് ജങ്ഷന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ്സിനെ മറികടക്കാന്‍ ലോറി ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ ബസ് എതിര്‍വശത്തേയ്ക്ക് തിരിച്ചു. ഇതോടെ ലോറി ഇടതുവശത്തേയ്ക്ക് ചേര്‍ത്തതോടെ അതേവശത്തുകൂടി പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍നിന്ന് ഇരുവരും തെറിച്ചുവീണു. കീര്‍ത്തനയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടന്‍ എടപ്പാളിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലേക്ക് മാറ്റി. ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 




MathrubhumiMatrimonial