
ദീപക് വധം: ഒമ്പതാം പ്രതി വലയില്‍
Posted on: 09 Apr 2015
ബൈജുവിനെയും സരസനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി
തൃശ്ശൂര്‍: ജനതാദള്‍(യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതി കെ.എസ്. ബൈജു(21), പത്താം പ്രതി സരസന്‍(43) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഒളിവിലുള്ള ഒമ്പതാം പ്രതി പെരിങ്ങോട്ടുകര ശിപായിമുക്ക് കാരയില്‍ വീട്ടില്‍ സനന്ദ് പോലീസ് വലയിലായതായി സൂചനയുണ്ട്.
പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച ജാമ്യം നിഷേധിച്ചതോടെ പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തൃശ്ശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി (നമ്പര്‍ ഒന്ന്) രണ്ടുപേരെയും പോലീസിന് കൈമാറിയത്. ഏപ്രില്‍ 10ന് രാവിലെ വരെയാണ് കസ്റ്റഡി സമയം അനുവദിച്ചിട്ടുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍പ്പ് സിഐ കെ.സി. സേതു പറഞ്ഞു.
നേരത്തെ പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി രണ്ടു പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ പോലീസ് ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കി.
ഒളിവിലുള്ള ഒമ്പതാം പ്രതി പെരിങ്ങോട്ടുകര ശിപായിമുക്ക് കാരയില്‍ വീട്ടില്‍ സനന്ദ് പോലീസ് വലയിലായെന്ന വാര്‍ത്ത അന്വേഷണോദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും വൈകാതെ പ്രതി പിടിയിലാവുമെന്നും ചേര്‍പ്പ് സിഐ കെ.സി. സേതു പറഞ്ഞു.
ദീപക് വധക്കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ തൃശ്ശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസിനെ കാണുമെന്ന് ജനതാദള്‍(യു) ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച ചില തെളിവുകളും ഐ.ജി.ക്ക് കൈമാറുമെന്ന് യൂജിന്‍ പറഞ്ഞു.
