
വിവാഹപരസ്യത്തിലെ നമ്പരില്‍ വിളിച്ചുവരുത്തി തട്ടിപ്പ്; നാലു പേര്‍ അറസ്റ്റില്‍
Posted on: 08 Apr 2015

അടൂര്‍: വിവാഹപരസ്യത്തില്‍ നല്കിയ ഫോണ്‍ നമ്പരില്‍ വിളിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത നാല്‍വര്‍സംഘം അറസ്റ്റിലായി. വീട്ടുകാര്‍ക്ക് കാണാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. നൂറനാട് പാലമേല്‍ ആദിക്കാട്ട് കുളങ്ങര കൊച്ചുമുകളില്‍ താഴേതില്‍ ഷാജി (28), പെരിങ്ങനാട് തെക്കുംമുറി നിധിന്‍ ഭവനത്തില്‍ രാജന്‍ (44),പെരിങ്ങനാട് തെക്കുംമുറി സജി നിവാസില്‍ സജു (32), പെരിങ്ങനാട് ചെറുപുഞ്ച അനില്‍ഭവനില്‍ അനില്‍കുമാര്‍ (25) എന്നിവരെയാണ് അടൂര്‍ സി.ഐ.എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ചോറ്റാനിക്കര തിരുവാണിയൂര്‍ കുരിക്കാട്ട്കര കാരിവേലില്‍ പറമ്പില്‍ വീട്ടില്‍ രാജേഷിന്റെ (36) പരാതിയിലാണ് അറസ്റ്റ്. ആനപ്പുറത്ത് തിടമ്പേറ്റുന്ന ആളായ രാജേഷ് ഭാര്യ വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് പുനര്‍വിവാഹത്തിനായി പത്രപ്പരസ്യം നല്കിയിരുന്നു. പരസ്യത്തില്‍ നല്കിയ ഫോണ്‍ നമ്പരിലേക്ക് ഒന്നാംപ്രതി ഷാജിയുടെ ഭാര്യ വിളിക്കുകയും താന്‍ വിവാഹം ഒഴിഞ്ഞ ആളാണെന്നും പുനര്‍വിവാഹത്തിന് താത്പര്യമുണ്ടെന്നറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നിരന്തരം വിളിച്ച് രാജേഷിനെ പാട്ടിലാക്കി. വീട്ടുകാരുമായി ആലോചിക്കുന്നതിന് പന്തളത്തെത്തണമെന്നും അവിടെനിന്ന് ആങ്ങള കൂട്ടിക്കൊണ്ടുപോകുെമന്നും യുവതി അറിയിച്ചു. ഇതനുസരിച്ച് മാര്‍ച്ച് 23ന് രാജേഷ് പന്തളത്തെത്തി. അവിടെ കാത്തുനിന്ന യുവതിയുടെ ഭര്‍ത്താവായ ഷാജി ആങ്ങളയെന്ന വ്യാജേന രാജേഷിനെ വിളിച്ച് 2-ാം പ്രതി സജുവിന്റെ ഓട്ടോയില്‍ കയറ്റി. തുടര്‍ന്ന് പ്രതികളായ രാജനും അനില്‍കുമാറും കയറുകയും പെരിങ്ങനാട് ക്ഷേത്രത്തിനു സമീപമുള്ള റബ്ബര്‍ തോട്ടത്തിലെത്തിക്കുകയും ചെയ്തു. ഭാര്യയുമായി വിവാഹക്കാര്യം പറഞ്ഞതു ചൂണ്ടിക്കാട്ടി തുടര്‍ന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ചു. പിന്നീട് രാജേഷിന്റെ 3 പവന്റെ മാലയും 1 പവന്റെ ചെയിനും 13,000 രൂപയും തട്ടിയെടുത്തു. തുടര്‍ന്ന് രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ചു.
രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച െപരിങ്ങനാട്ടുനിന്നാണ് അറസ്റ്റ്‌ചെയ്തത്. ഇവര്‍ തട്ടിയെടുത്ത് വിറ്റ സ്വര്‍ണം അടൂരിലെ സ്വര്‍ണവ്യാപാരിയില്‍നിന്ന് പോലീസ് കണ്ടെടുത്തു. കേസ്സില്‍ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘത്തില്‍ സീനിയര്‍ സി.പി.ഒ.മാരായ സുധീഷ്, പ്രസാദ്, എ.എസ്.ഐ. ഷാനവാസ് എന്നിവരും പങ്കെടുത്തു.
