goodnews head

റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ സി.പി.എം. ജീവന്‍രക്ഷാസേന ഉണ്ടാക്കുന്നു

Posted on: 08 Apr 2015


കൊച്ചി : അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കുന്നതിനായി സി.പി.എം. ജീവന്‍രക്ഷാസേന തുടങ്ങുന്നു. കനിവ് ആക്ഷന്‍ ഫോഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന രക്ഷാസേനയില്‍ ചുമട്ടുതൊഴിലാളികളേയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരേയുമെല്ലാമാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ജില്ലയിലെ പ്രമുഖ ആസ്പത്രികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

റോഡപകടങ്ങളില്‍പ്പെട്ട് ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ ആയിരക്കണക്കിന് ജീവനാണ് പൊലിയുന്നത്. അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനുപകരം പലപ്പോഴും ആളുകള്‍ കാഴ്ചക്കാരായി മാറുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കര്‍മ്മ പദ്ധതിക്ക് സി.പി.എം. രൂപം നല്‍കിയതെന്ന് ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു.

ഇരുന്നൂറോളം ചുമട്ടുതൊഴിലാളികളേയും ഓട്ടോ ഡ്രൈവര്‍മാരേയും പങ്കെടുപ്പിച്ച് ആലുവ അന്‍വര്‍ ആസ്പത്രിയില്‍ ഡോ. ഹൈദരാലിയുടെ നേതൃത്വത്തില്‍ ട്രോമാ കെയറില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ജില്ലയിലെ പ്രമുഖ ആസ്പത്രികളെ ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. എല്ലാ ഏരിയയിലേയും തൊഴിലാളികള്‍ക്ക് ട്രോമാ കെയറില്‍ പരിശീലനം നല്‍കും. ഇവര്‍ക്കെല്ലാം കനിവ് കര്‍മ്മസേനയുടെ തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കും. ആസ്പത്രികളുടേയും പോലീസിന്റേയും പരിഗണന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഉറപ്പാക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താനും ആംബുലന്‍സ് ഒരുക്കാനുമെല്ലാം ആലോചനയുണ്ട്.

ജിവന്‍രക്ഷാസേനയുടെ ഉദ്ഘാടനം ഏപ്രില്‍ ഒമ്പതിന് രാവിലെ 9.30ന് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മമ്മൂട്ടി നിര്‍വഹിക്കും

 

 




MathrubhumiMatrimonial