Crime News

കഞ്ചാവ് വില്പന: ആറംഗസംഘം പിടിയില്‍

Posted on: 08 Apr 2015


പാലോട്: പാലോട്, പാങ്ങോട്, നന്ദിയോട് മേഖലകളില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്ന ആറംഗസംഘം പോലീസിന്റെ വലയിലായി. ഒന്നരമാസത്തെ നിരന്തര നിരീക്ഷണത്തിനും, അന്വേഷണത്തിനും ഒടുവിലാണ് പാലോട് പോലീസ് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി പ്രതികളെ പിടികൂടിയത്. പെരിങ്ങമ്മല, ഗാര്‍ഡര്‍‌സ്റ്റേഷന്‍ തയ്ക്കാപ്പള്ളിക്കു സമീപം നുജും മന്‍സിലില്‍ നജീം (31), താഴേ പാങ്ങോട് റാഫീമന്‍സിലില്‍ നിസാമുദ്ദീന്‍ (38), പാലോട് കള്ളിപ്പാറ കിഴക്കുംകര വീട്ടില്‍ റജി (30), നന്ദിയോട് ആലംപാറ വീട്ടിക്കാവ് തടത്തരികത്ത് വീട്ടില്‍ കാര്‍ഗില്‍ മോഹനന്‍ (55), ആനാട് മൊട്ടക്കാവ് ശാന്താഭവനില്‍ സുജി എന്നു വിളിക്കുന്ന മന്‍മോഹന്‍ (44) എന്നിവരാണ് പിടിയിലായത്.

നാഗര്‍കോവിലില്‍ നിന്നും കിലോക്കണക്കിന് വാങ്ങുന്ന കഞ്ചാവ് ഇവിടെ എത്തിച്ച് ചില്ലറ വില്പനക്കാര്‍ക്ക് നല്‍കുകയായിരുന്നു സംഘത്തിന്റെ രീതി. മന്‍മോഹന്‍ ആണ് സംഘത്തിന്റെ തലവന്‍. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കായി 200 രൂപയുടെ പ്രത്യേക പാക്കേജും സംഘം ഏര്‍പ്പെടുത്തിയിരുന്നു. ചില വിദ്യാര്‍ഥികള്‍ ഇവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു എന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ സംഘത്തിന്റെ പക്കല്‍ ഒരു കിലോ കഞ്ചാവ് ഉണ്ടായിരുന്നു.

നെടുമങ്ങാട് ഡിവൈ.എസ്.പി. സൈബുദീന്‍, പാലോട് സി.ഐ. വേലായുധന്‍ നായര്‍, എസ്.ഐ. ഷിബു കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. സുശാന്ത്, പോലീസുകാരായ വിജയന്‍, സുനിലാല്‍, അനില്‍, രാജേഷ്, വിനോദ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

 

 




MathrubhumiMatrimonial