Crime News

കരിപ്പൂരില്‍ ഒന്നേകാല്‍കിലോ സ്വര്‍ണം പിടിച്ചു

Posted on: 06 Apr 2015


കരിപ്പൂര്‍: ആഭ്യന്തരയാത്രക്കാരെ ഉപയോഗിച്ച് പുറത്തുകടത്താന്‍ ശ്രമിച്ച 1.248 കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. നെടുമ്പാശ്ശേരി, കോഴിക്കോട് കസ്റ്റംസ് വിഭാഗങ്ങളുടെ സംയുക്തനീക്കത്തിലാണ് സ്വര്‍ണം പിടിയിലായത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തിരുച്ചിറപ്പള്ളി രാംനാട് സ്വദേശികളായ മുസ്തഫ ഹജാലുദ്ദീന്‍ (34), ജമീല്‍ മുഹമ്മദ് (46), അര്‍ജദ് അലി അമാനുള്ള (25), അഹമ്മദ് ഖനിഷാഹുല്‍ ഹമീദ് (28) എന്നിവരെ കസ്റ്റംസ് അറസ്റ്റുചെയ്തു.

എയര്‍ ഇന്ത്യയുടെ ദോഹ- കോഴിക്കോട് വിമാനത്തില്‍ മുസ്തഫഹജാലുദീനാണ് സ്വര്‍ണവുമായി എത്തിയത്. ഇത് വിമാനത്തിനകത്തുവെച്ച് ശരീരത്തില്‍ ഒളിപ്പിച്ചു പുറത്തുകടത്താനായി നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേര്‍ കോഴിക്കോട്ടുനിന്നും കൊച്ചിയിലേക്ക് ആഭ്യന്തരയാത്രക്കാരായി കയറി. ഇതില്‍ സംശയംതോന്നിയ കസ്റ്റംസ് ഇന്റലിജന്‍സ് വിമാനത്തില്‍ ഇവരെ പിന്തുടര്‍ന്നു. അതിനാല്‍ ഇവര്‍ക്ക് സ്വര്‍ണം ഒളിപ്പിക്കാന്‍ കഴിഞ്ഞില്ല.

ഇതേത്തുടര്‍ന്ന് നെടുമ്പാശ്ശേരി കസ്റ്റംസ് വിഭാഗത്തിന്റെ സഹായത്തോടെ 12 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഇവരില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. 100 ഗ്രാം തൂക്കംവരുന്ന ഒമ്പത് ബിസ്‌കറ്റുകളും 116 ഗ്രാം തൂക്കംവരുന്ന രണ്ടു ബിസ്‌കറ്റുകളുമാണ് ഉണ്ടായിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 30 ലക്ഷം രൂപ വിലവരും.

 

 




MathrubhumiMatrimonial