Crime News

അന്വേഷണത്തില്‍ പിഴവുകളേറെ വിവാദങ്ങളും

Posted on: 05 Apr 2015


തൃശ്ശൂര്‍: തുടക്കംമുതല്‍തന്നെ നിരവധി പിഴവുകളും വിവാദങ്ങളുമായിരുന്നു ചന്ദ്രബോസ് കൊലപാതകക്കേസിന്റെ അന്വേഷണത്തില്‍ ഉണ്ടായിരുന്നത്. എ.ഡി.ജി.പി. സ്ഥലം സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി ആസ്പത്രിയിലെത്തി ചന്ദ്രബോസിനെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുപോലും തെളിവുശേഖരണത്തില്‍ വന്‍ വീഴ്ചകള്‍ വരുത്തി. ഡി.ജി.പി.ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍വരെ വിവാദങ്ങളും കത്തിനിന്നു.


നഷ്ടപ്പെട്ട വസ്ത്രങ്ങള്‍

അപകടസമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസിനായില്ല. അത് ആസ്പത്രിയില്‍നിന്നാണോ പോലീസിന്റെ കൈയില്‍നിന്നാണോ നഷ്ടപ്പെട്ടതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. പലതരം തെളിവുകളിലേക്കുള്ള എളുപ്പവഴിയാണ് വസ്ത്രം നഷ്ടപ്പെട്ടതുകാരണം അടഞ്ഞത്. അശ്രദ്ധമൂലം ആസ്പത്രി അധികൃതര്‍ വസ്ത്രം ഉപേക്ഷിച്ചിരിക്കാം എന്നതാണ് ഇതുസംബന്ധിച്ച ഒരു ആരോപണം. പോലീസിനെ ഏല്പിച്ചിട്ടും ഇത് നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു.

ഇല്ലാത്ത മരണമൊഴി

19 ദിവസം ചികിത്സയില്‍ കിടന്നിട്ടും ചന്ദ്രബോസിന്റെ മൊഴി അധികൃതര്‍ രേഖപ്പെടുത്തിയിരുന്നില്ല. കുടുംബത്തോടും കൂടെ നിന്നവരോടും ഒരു ഘട്ടത്തില്‍ ചന്ദ്രബോസ് സംസാരിച്ചിരുന്നു. വീട്ടിലെ കാര്യങ്ങളും മക്കളുടെ പഠനകാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. പക്ഷേ, മൊഴിയെടുക്കാന്‍മാത്രം സാധിച്ചില്ല. ചന്ദ്രബോസിന്റെ ഓര്‍മ്മയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഉള്ളത്. 10 ദിവസത്തോളം ചന്ദ്രബോസിന് ബോധം ഉണ്ടായിരുന്നുവെന്നാണ് സൂചന. അവസാന സമയത്ത് മജിസ്‌ട്രേറ്റ് മൊഴിയെടുക്കാന്‍ ആസ്പത്രിയില്‍ എത്തിയപ്പോഴേക്കും അസുഖം മൂര്‍ച്ഛിച്ച് ചന്ദ്രബോസിനെ വെന്റിലേറ്ററില്‍ ആക്കുകയും ചെയ്തു.

വൈകിയ ഫോറന്‍സിക് തെളിവു ശേഖരണം

കേസിലെ പ്രധാനമായ ഫോറന്‍സിക് തെളിവു ശേഖരണം വൈകിയെന്ന് ആരോപണം ഉയര്‍ന്നു. ഇത് പരിശോധനാ ഫലത്തെ ബാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സംഭവം നടന്ന സ്ഥലങ്ങള്‍, വാഹനം തുടങ്ങിയവയുടെ പരിശോധനയാണ് സമയത്തിനു നടക്കാതിരുന്നത്. ചന്ദ്രബോസ് മരിച്ചുകഴിഞ്ഞതിനു ശേഷമാണ് ഇത്തരം പരിശോധനകള്‍ നടന്നതെന്നായിരുന്നു ആരോപണം.


ബെംഗളൂരു വിവാദം

നിഷാമിനെയും കൊണ്ട് പോലീസ് ബെംഗളൂരുവിലേക്ക് തെളിവെടുപ്പിനായി പോയത് വിവാദത്തിനു വഴിവച്ചു. സുഖവാസയാത്രയായിരുന്നു ഇതെന്നായിരുന്നു ആരോപണം. നിഷാമിന്റെ കൈയിലുള്ളതായി സൂചനയുള്ള തോക്ക് കണ്ടെത്തുക, മയക്കുമരുന്നുലോബിയുമായി ഇയാള്‍ക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കുക എന്നിവയായിരുന്നു തെളിവെടുപ്പിന്റെ ലക്ഷ്യം. ബെംഗളൂരു തെളിവെടുപ്പിനിടെ നിഷാം പോലീസുകാര്‍ക്കു മുന്നില്‍വച്ച് ഫോണ്‍ ഉപയോഗിക്കുന്ന ഫോട്ടോ പുറത്തുവന്നു.


കമ്മീഷണറുടെ രഹസ്യ ചര്‍ച്ച


സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബ് പ്രതി നിഷാമുമായി രഹസ്യചര്‍ച്ച നടത്തിയെന്നതായിരുന്നു മറ്റൊരു ആരോപണം. അന്വേഷണോദ്യോഗസ്ഥന്‍ പോലും ഇല്ലാതെയായിരുന്നു ഇത്. ഒന്നല്ല മൂന്നുതവണ നിഷാമുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നു. ഇതിന്റെ ഭാഗമായി ജേക്കബ് ജോബിനെ സസ്‌പെന്‍ഡു ചെയ്യുകയുമുണ്ടായി.

പോലീസിലെ ചേരിതിരിവ്

പോലീസില്‍ ചേരിതിരിവുണ്ടാക്കിയ കേസായിരുന്നു ഇത്. നിഷാമുമായി മുന്‍ കമ്മീഷണര്‍ രഹസ്യചര്‍ച്ച നടത്തിയെന്നതിന്റെ തെളിവു പുറത്തുവന്നതിന്റെ പിന്നാലെയാണ് ചേരിതിരിവ് പ്രകടമായത്. ബെംഗളൂരു തെളിവെടുപ്പില്‍ അന്വേഷണസംഘം നിഷാമിനെ സഹായിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് അറിയാനാണ് നേരിട്ടുകണ്ടതെന്ന് ജേക്കബ് ജോബ് വിശദീകരിച്ചു. നിഷാം തന്നെയും ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്തുവെന്നും വെളിപ്പെടുത്തി.

ഡി.ജി.പി.ക്കെതിരെ സി.ഡി.

കേസില്‍ ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിനെതിരെ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞ് പി.സി. ജോര്‍ജ്ജ് ആരോപണമുന്നയിച്ചതോടെ വിവാദങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായി. മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് റിട്ട. ഡി.ജി.പി. കൃഷ്ണമൂര്‍ത്തിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.സി. ജോര്‍ജ്ജ് പുറത്തുവിട്ടു. കൃഷ്ണമൂര്‍ത്തി ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിനുവേണ്ടിയാണ് വിളിച്ചത് എന്ന ആരോപണവും ഉയര്‍ത്തി.

മുന്നില്‍ ഇനിയും കടമ്പകള്‍


തൃശ്ശൂര്‍: ചന്ദ്രബോസ് കൊലപാതകക്കേസില്‍ കുറ്റപത്ര സമര്‍പ്പണം കഴിഞ്ഞെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. മെയ് മാസത്തോടെയോ ജൂണ്‍മാസത്തോടെയോ മാത്രമെ വിചാരണ തുടങ്ങാനാകൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കോടതിയുടെ അവധിയും ജില്ലാജഡ്ജ് ഹൈക്കോടതി ജഡ്ജിയായി പോകുന്നതുമെല്ലാം ഇതിനു കാരണങ്ങളാണ്.

ശനിയാഴ്ച പോലീസ് സമര്‍പ്പിച്ച കുറ്റപത്രം പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റ് സ്വീകരിച്ചു. തുടര്‍ന്ന് നിഷാമിനു കുറ്റപത്രത്തിന്റെ പകര്‍പ്പു നല്‍കും. കൊലക്കുറ്റം ആയതിനാല്‍ കേസ് ജില്ലാ കോടതിയിലേക്കു മാറ്റും. വിചാരണ വേഗത്തിലാക്കാന്‍ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ അധികൃതര്‍ നല്‍കും.

ഏപ്രില്‍ 10 മുതല്‍ കോടതിയുടെ അവധി ആരംഭിക്കുകയാണ്. മെയ് 21 വരെയാണ് അവധി. റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ ഏപ്രില്‍ ഏഴിനാണ് നിഷാം കോടതിയില്‍ ഹാജരാകുക. കുറ്റപത്രത്തിന്റെ പകര്‍പ്പ് അന്നു നല്‍കുമെന്നാണ് കരുതുന്നത്. ആയിരത്തിയഞ്ഞൂറിലേറെ പേജുകള്‍ വരുന്ന കുറ്റപത്രം വിശദമായി വായിച്ചുകേള്‍ക്കാനും മറുപടി കോടതിയില്‍ നല്‍കാനും കോടതി അവധി ആരംഭിക്കുന്ന 10ന് മുമ്പ് കഴിയുമോ എന്ന കാര്യം സംശയമാണ്.

സെഷന്‍സ് കോടതിയില്‍ കേസ് സ്വീകരിച്ചതിനു ശേഷമേ വിചാരണ അതിവേഗ കോടതിവഴി വേഗത്തിലാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ മെയ് 22ന് ശേഷമേ സെഷന്‍സ് കോടതിയിലെ നടപടികളും ആരംഭിക്കൂ. ഹൈക്കോടതി ജഡ്ജായി നിയമനം ലഭിച്ച ബി. സുധീന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്യാതെ തൃശ്ശൂരിലേക്ക് പുതിയൊരാളെ നിയമിക്കാനും കഴിയില്ല.

തെളിവുകള്‍ ഇങ്ങനെ


തൃശ്ശൂര്‍: ആഡംബരവാഹനമായ ഹമ്മര്‍, ചവിട്ടാനുപയോഗിച്ച വിലകൂടിയ ഷൂസ്, മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള മൊഴികള്‍... നിഷാമിനെതിരെയുള്ള കുറ്റപത്രത്തിലെ തെളിവുകള്‍ ഇത്തരത്തില്‍ നീണ്ടുപോകുന്നു. തുടക്കത്തിലെ താളപ്പിഴകള്‍ തീര്‍ത്ത് നിഷാമിനെതിരെ കുറ്റപത്രം തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഏറെനാളുകളായി പോലീസ്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ കേസിന്റെ ഒരു പ്രധാന ഘട്ടം പിന്നിടുകയാണ്.

മാരകായുധമായി ഹമ്മര്‍

ചന്ദ്രബോസ് വധക്കേസിലെ മാരകായുധം ഹമ്മര്‍ എന്ന ആഡംബരക്കാറാണ്. ചന്ദ്രബോസിനെ നിഷാം ഇടിച്ചു വീഴ്ത്തിയ ഈ വാഹനം ഇപ്പോഴും പേരാമംഗലം സ്റ്റേഷനിലുണ്ട്. മുറിവുകളേറ്റ ചന്ദ്രബോസിനെ വലിച്ചിട്ട് നിഷാമിന്റെ ഫ്‌ലാറ്റിനു മുന്നിലേക്കു കൊണ്ടുപോയതും ഈ വാഹനത്തില്‍തന്നെ. വാഹനത്തിന്റെ സീറ്റുകളിലെല്ലാം ചന്ദ്രബോസിന്റെ രക്തം പടര്‍ന്നിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ടയര്‍ പഞ്ചറായിട്ടുണ്ട്. സംഭവം നടന്ന ശോഭ സിറ്റിക്കു മുന്നിലെ ഫൗണ്ടന്റെ ഒരുഭാഗം അടര്‍ന്നതും അതുപോലെത്തന്നെ കിടക്കുന്നുണ്ട്. സംഭവം നടന്ന ഉടനെ സംഭവസ്ഥലത്തുനിന്നും വാഹനങ്ങളില്‍നിന്നുമെല്ലാം തെളിവുശേഖരണം നടന്നില്ലെന്നതാണ് പ്രധാന ആരോപണം.

അഞ്ചു ലക്ഷത്തിന്റെ ഷൂ


ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ നിഷാം ധരിച്ചിരുന്ന വിലകൂടിയ ഷൂവാണ് പ്രോസിക്യൂഷന്റെ മറ്റൊരു പ്രധാന തെളിവ്. ഇതില്‍ ചന്ദ്രബോസിന്റെ രക്തം പറ്റിയിട്ടുണ്ട്. ഇതു ശാസ്ത്രീയമായി തെളിയിക്കാനും സാധിച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ഷൂസിന്റെ വിലയെന്നാണ് നിഷാം മൊഴിനല്‍കിയിരിക്കുന്നത്. ഇറക്കുമതി ചെയ്തതാണിത്. പ്രത്യേകം പാമ്പിന്‍തോലുകൊണ്ടുണ്ടാക്കുന്നതാണീ ഷൂ. ഇതു തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സാക്ഷിമൊഴികള്‍


നൂറിലേറെ മൊഴികളാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സംഭവം നേരിട്ടു കണ്ട ദൃക്‌സാക്ഷിമൊഴികളും ഉള്‍പ്പെടും. 12 പേരുടേത് രഹസ്യമൊഴിയായി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതാണ്. ഇവരില്‍ മിക്കവരും ശോഭാസിറ്റിയുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്നവരാണ്. ചന്ദ്രബോസിനോടൊപ്പം ആക്രമിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴിമാറ്റം നടക്കാതിരിക്കാനാണ് 164 പ്രകാരമുള്ള രഹസ്യമൊഴി ശേഖരണം നടത്തിയത്. നിഷാമിന്റെ ഭാര്യ അമലിന്റെ മൊഴിയും ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ മൊഴിയും കുറ്റപത്രത്തില്‍ ഉണ്ട്.


ശാസ്ത്രീയ തെളിവുകള്‍

ശാസ്ത്രീയ തെളിവുകളും ഇതില്‍ ഏറെയുണ്ട്. സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ നിഷാമിന്റെയും ചന്ദ്രബോസിന്റെയും രക്തസാമ്പിളുകള്‍, നിഷാമിന്റെ വസ്ത്രത്തില്‍ പറ്റിയിരുന്ന ചന്ദ്രബോസിന്റെ രക്തപ്പാട്, നിഷാം ഉപയോഗിച്ച ടാബ്ലറ്റ് പി.സി.യിലും വാഹനത്തിലും പറ്റിയിരുന്ന രക്തപ്പാടുകള്‍, ഹമ്മര്‍ വാഹനത്തിന്റെ ഇടിയും അതുകൊണ്ടുണ്ടാകുന്ന ആഘാതവും സംബന്ധിച്ച പരിശോധനകള്‍ എന്നിവയെല്ലാം വരുന്നു ഇതില്‍.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

19 ദിവസം ചന്ദ്രബോസ് ആസ്പത്രിയില്‍ കിടന്നതിന്റെ ആസ്പത്രിരേഖകള്‍ ഇതിലുണ്ട്. ഇതുപോലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. 423 പേജുകളുള്ളതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്തെല്ലാം തരത്തിലുള്ള മുറിവുകളാണ് ചന്ദ്രബോസിനുണ്ടായിരുന്നതെന്നു വെളിപ്പെടുത്തുന്നതാണ് ഇത്. നിരവധി വാരിയെല്ലുകള്‍ പൊട്ടിയിരുന്നെന്നും ഇതു ശ്വാസകോശമുള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളിലേക്കു തുളച്ചുകയറിയെന്നും പറയുന്നതാണ് ഇത്.




പിന്നില്‍ കൂട്ടായ യത്‌നം


തൃശ്ശൂര്‍: കോളിളക്കം സൃഷ്ടിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇതിനു പിറകില്‍ അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ നിരവധിപ്പേരുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി, സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു, അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജുകുമാര്‍ എന്നിവരാണ് എറ്റവും കൂടുതല്‍ ഇതിനായി പ്രയത്‌നിച്ചത്. കേസിന്റെ ആദ്യംതൊട്ട് ഇതുവരെ കൂടെയുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജുകുമാറിനെതിരെ നിരവധി ആരോപണങ്ങളും വന്നു.

സംഭവം നടന്ന് പതിനഞ്ചോളം ദിവസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് ആര്‍. നിശാന്തിനി കമ്മീഷണറായി ചുമതലയേല്ക്കുന്നത്. ഇതോടെയാണ് കേസിനു ദിശാബോധം വന്നതെന്നു ബന്ധുക്കളുള്‍പ്പെടെ എല്ലാവരും സമ്മതിക്കുന്നു. കേസിന്റെ ആദ്യകാലത്തെ താളപ്പിഴകള്‍ ഇല്ലാതാക്കാന്‍ ഇവരുടെ നേതൃത്വത്തിനായി. ആഭ്യന്തരമന്ത്രി ചന്ദ്രബോസിന്റെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരും ആവശ്യപ്പെട്ടത് കേസ് മേല്‍നോട്ടത്തില്‍നിന്നും കമ്മീഷണറെ മാറ്റരുതെന്നതാണ്. നിഷാമിനെതിരെ കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുക്കാന്‍ പിടിച്ചതും കമ്മീഷണറായിരുന്നു.

സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. സി.പി. ഉദയഭാനു എത്തിയതോടെയാണ് കുറ്റപത്രത്തിനായുള്ള ശ്രമങ്ങള്‍ തകൃതിയായത്. കൈവിട്ടുപോയ തെളിവുകള്‍ക്കു ബദല്‍ തെളിവുകളുണ്ടാക്കാനും കുറ്റപത്രം കാര്യക്ഷമമാക്കാനും അദ്ദേഹം ശ്രമിച്ചു. മാര്‍ച്ച് 17നാണ് അഡ്വ. ഉദയഭാനുവിനെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. നിയമനത്തിന്റെ പതിനേഴാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാനും ഇദ്ദേഹത്തിനായി.

സിഐ ബിജുകുമാറാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്കിയത്. 62 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റുചെയ്യാനും ഇടിക്കാനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കാനും അന്വേഷണസംഘത്തിനായി. പോലീസുകാര്‍ തന്നെയാണ് ചന്ദ്രബോസിനെ ആസ്പത്രിയില്‍ എത്തിച്ചതും. ഒടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചതും ബിജുകുമാറിന്റെ നേതൃത്വത്തിലാണ്.


കുറ്റപത്രത്തില്‍ 'കാപ്പ'യില്ല

തൃശ്ശൂര്‍: നിഷാമിനെതിരെ 'കാപ്പ' ചുമത്തിയത് പരോക്ഷമായി കേസിനെ സഹായിക്കുന്നതാണെങ്കിലും കുറ്റപത്രത്തില്‍ ഇതു സംബന്ധിച്ച ഒരു വാക്കുപോലുമില്ല. വെവ്വേറെ കേസ് ആണെന്നതിനാല്‍ ഇതില്‍ 'കാപ്പ' സംബന്ധിച്ച് പരാമര്‍ശിക്കേണ്ടതില്ല എന്നതിനാലാണിത്. 'കാപ്പ' കരുതല്‍ തടങ്കല്‍ ആണെങ്കില്‍ ചന്ദ്രബോസ്വധം കൊലക്കേസ് ആണ്.
എന്നാല്‍, ഈ കേസില്‍ നിഷാം ജാമ്യത്തിലിറങ്ങുമോയെന്ന ആശങ്കയില്ലാതായത് 'കാപ്പ' ചുമത്തിയശേഷമാണ്. ആറുമാസത്തെ കരുതല്‍ തടങ്കലിനിടയ്ക്ക് ഏതു കേസില്‍ ജാമ്യം കിട്ടിയാലും പുറത്തിറങ്ങാനാവാത്ത അവസ്ഥ ഉണ്ടായി. രണ്ടുവര്‍ഷം മുമ്പുതന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ചന്ദ്രബോസ് സംഭവം ഉണ്ടായതിനുശേഷമാണ് ഇതില്‍ വഴിത്തിരിവുണ്ടായത്.
ചന്ദ്രബോസ് സംഭവത്തിനുശേഷം കൊച്ചിയിലെ കൊക്കൈയ്ന്‍ കേസ് വന്നു. ഇതിന് നിഷാമിന്റെ കടവന്ത്രയിലെ ഫ്‌ലാറ്റാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. അതോടെ നിഷാമിന്റെ കൊക്കൈയ്ന്‍ ബന്ധം അന്വേഷിക്കേണ്ടിവന്നു. ഇതിനായി ബെംഗളൂരുവില്‍ പോയപ്പോഴാണ് മറ്റു രണ്ടു കേസുകള്‍ കൂടി മനസ്സിലാക്കാന്‍ സാധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയതും.

കുറ്റപത്രം 65-ാം ദിവസം


തൃശ്ശൂര്‍: നിഷാമിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് സംഭവം നടന്ന് 65-ാം ദിവസം.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അതു പ്രതിയെ സഹായിക്കലാകും എന്ന ആരോപണം ഉയര്‍ന്നിരുന്നു. 90 ദിവസം കഴിഞ്ഞാല്‍ നിഷാമിനു സ്വാഭാവിക ജാമ്യം കിട്ടുമെന്നതായിരുന്നു ഈ ആരോപണത്തിന്റെ അടിസ്ഥാനം. എന്നാല്‍ അതിനുമുമ്പേ നിഷാമിനെതിരെ കാപ്പ ചുമത്തി. ഇതോടെ ആറു മാസം വരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാനുള്ള അധികാരം അധികൃതര്‍ക്കു കിട്ടി. എന്നാലും കാപ്പ നല്‍കിയ ഈ കാലയളവ് അനാവശ്യമായി ഉപയോഗിക്കാതെ പരമാവധി പെട്ടന്നു കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.


ചന്ദ്രബോസിന്റെ മരണം ദുഃഖത്തിന്റെയും ആശങ്കയുടെയും ദിനങ്ങളാണ് കുടുംബത്തിനും പൊതുസമൂഹത്തിനും നല്‍കിയത്. അന്നന്നത്തെ അന്നത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ചന്ദ്രബോസ് എറ്റുവാങ്ങിയ ദുരന്തം തീരാദുഃഖമായപ്പോള്‍ കേസിലെ പ്രതിയായ വമ്പന്‍ വ്യവസായി നിഷാം രക്ഷപ്പെടുമോ എന്നത് ആശങ്കയായി.

65 ദിവസം നീണ്ട കേസിന്റെ നാള്‍വഴികളിലൂടെ...


ആശങ്കയുടെയും വിവാദങ്ങളുടെയും 65 ദിനങ്ങള്‍



*ജനവരി 29

പുലര്‍ച്ചെ മൂന്നുമണിയോടെ ശോഭാ സിറ്റിയിലെത്തിയ വിവാദവ്യവസായി മുഹമ്മദ് നിഷാം ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിക്കുന്നു. ചന്ദ്രബോസിനെ ഹമ്മര്‍ കാറുകൊണ്ടിടിക്കുന്നു. കാറില്‍ വലിച്ചിട്ട് ഫ്‌ലാറ്റ് സമുച്ചയത്തിനുള്ളിലേക്കു കൊണ്ടുപോയി അവിടെ വെച്ചും മര്‍ദ്ദനം. പോലീസ് എത്തി ചന്ദ്രബോസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും നിഷാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.


*ജനവരി 30

മുഖ്യമന്ത്രി ചന്ദ്രബോസിനെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചു. ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നു പ്രഖ്യാപിച്ചു.


*ഫിബ്രവരി 1

കടവന്ത്രയിലെ നിഷാമിന്റെ ഫ്‌ലാറ്റില്‍നിന്നും കൊക്കൈന്‍ കണ്ടെത്തി. നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ളവരെ അറസ്റ്റു ചെയ്തു.

തോക്കിനു വേണ്ടി നിഷാമിന്റെ മുറ്റിച്ചൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.


*ഫിബ്രവരി 5

നിഷാമിന്റെ ഫോണ്‍കോളുകള്‍ സംബന്ധിച്ച പരിശോധന തുടങ്ങി.


*ഫിബ്രവരി 6

നിഷാമിനെ തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.

* ഫിബ്രവരി 11
സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനു സ്ഥലംമാറ്റം. ആര്‍. നിശാന്തിനിയെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിയോഗിച്ചു.


*ഫിബ്രവരി 12

ചന്ദ്രബോസിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കുടലില്‍ തുളകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.


*ഫിബ്രവരി 16

ചികിത്സയിലായിരുന്ന ചന്ദ്രബോസ് മരണത്തിനു കീഴടങ്ങി. അക്രമത്തില്‍ പൊട്ടിയ എല്ലുകള്‍ ആന്തരിക അവയവങ്ങളിലേക്കു കുത്തിക്കയറിയതായിരുന്നു മരണകാരണം.

ഫിബ്രവരി 18

ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


*ഫിബ്രവരി 20

മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് നിഷാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു.


*ഫിബ്രവരി 21

സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തല്‍ കോടതിയില്‍ ആരംഭിച്ചു.


*ഫിബ്രവരി 22

പോലീസ് സംഭവസമയത്ത് കൂടെയുണ്ടായിരുന്ന നിഷാമിന്റെ ഭാര്യ അമലിന്റെ മൊഴി എടുത്തു.


*ഫിബ്രവരി 23

ആഭ്യന്തരമന്ത്രി ചന്ദ്രബോസിന്റെ വീടു സന്ദര്‍ശിച്ചു. നിഷാമിന്റെ ഒത്തുതീര്‍ന്ന കേസുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.


*ഫിബ്രവരി 25

മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് ചട്ടലംഘനം നടത്തിയതായി ഐ.ജി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


*ഫിബ്രവരി 27

മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്‌പെന്‍ഡു ചെയ്തു.


*ഫിബ്രവരി 28

ബെംഗളൂരു തെളിവെടുപ്പുസമയത്ത് പോലീസുകാരുടെ സാന്നിധ്യത്തില്‍ നിഷാം ഫോണ്‍ ഉപയോഗിക്കുന്ന ഫോട്ടോ പുറത്തുവന്നു.


*മാര്‍ച്ച് 1

ജയിലില്‍ നിഷാമിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നു


*മാര്‍ച്ച് 2

നിഷാമിനെതിരെ കാപ്പ ചുമത്താനുള്ള നീക്കം പോലീസ് ശക്തമാക്കി.


*മാര്‍ച്ച് 3

കാപ്പ ചുമത്താനുള്ള വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയില്ലെന്നാരോപിക്കുന്ന രേഖ പുറത്തുവന്നു.


*മാര്‍ച്ച് 4

ആക്രമിക്കപ്പെടുന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍.

മാര്‍ച്ച് 5

ഡി.ജി.പി.ക്കെതിരെ ആരോപണവുമായി പി.സി. ജോര്‍ജ്ജ് രംഗത്ത്.


*മാര്‍ച്ച് 6

ഡി.ജി.പി.ക്കെതിരെയുള്ള ആരോപണത്തിനു തെളിവായ ഫോണ്‍സംഭാഷണം പി.സി. ജോര്‍ജ്ജ് പുറത്തുവിട്ടു.

മാര്‍ച്ച് 7


* വി.എസ്. അച്യുതാനന്ദന്‍ ചന്ദ്രബോസിന്റെ വീടുസന്ദര്‍ശിച്ചു.


*മാര്‍ച്ച് 9

നിഷാമിനെതിരെ കാപ്പ ചുമത്തിക്കൊണ്ട് കളക്ടര്‍ ഉത്തരവിട്ടു.


*മാര്‍ച്ച് 11

നിഷാമിന്റെ കാപ്പപ്രകാരമുള്ള അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.


*മാര്‍ച്ച് 17

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സി.പി. ഉദയഭാനുവിനെ നിയമിച്ചുകൊണ്ട് ഉത്തരവായി.


*മാര്‍ച്ച് 24

നിഷാമിനെ കോടതിയില്‍ ഹാജരാക്കാനായി കണ്ണൂര്‍ ജയിലില്‍നിന്നും തൃശ്ശൂരില്‍ എത്തിച്ചു.


*മാര്‍ച്ച് 28

മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ വകുപ്പുതല നടപടിക്ക് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശചെയ്തു.


*ഏപ്രില്‍ 4

കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിഷാമിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു.









 

 




MathrubhumiMatrimonial