goodnews head

അശരണര്‍ക്ക് തലചായ്ക്കാനൊരിടം പ്രിയദര്‍ശനയുടെ വിഷുക്കൈനീട്ടത്തിന് തങ്കത്തിളക്കമേകുന്നു

Posted on: 05 Apr 2015


അടൂര്‍: അടൂര്‍ മഹാത്മാ ജനസേവാകേന്ദ്രത്തിലെ അഗതികള്‍ക്കും അശരണര്‍ക്കും പ്രിയദര്‍ശനയുടെ വിഷുക്കൈനീട്ടം തലചായ്ക്കാന്‍ ഒരിടമാകുന്നു.

കുന്പഴ മൈലാടുംപാറ തടത്തില്‍ കിഴക്കേതില്‍ പരേതനായ ഗംഗാധരപ്പണിക്കരുടെ മകളായ എന്‍.പ്രിയദര്‍ശനയുടെ(68) ലക്ഷങ്ങള്‍ വിലമതിക്കുന്ന മുപ്പതു സെന്റ് സ്ഥലമാണ് മഹാത്മായിലെ അശരണര്‍ക്ക് അഭയകേന്ദ്രം ഒരുക്കുന്നതിന് സൗജന്യമായി നല്‍കുന്നത്. സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വയോജനങ്ങളെ സംരക്ഷിക്കുന്നതിന് നിറഞ്ഞ മനസ്സോടെയാണ് ഈ സ്ഥലം വിട്ടുനല്‍കിയത്. ഒരായുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്കായി ജീവിക്കുകയും പ്രായമേറുന്നതോടെ നടതള്ളപ്പെടുകയും ചെയ്യുന്ന വൃദ്ധരുടെ എണ്ണം ഏറിവരുന്നത് വിഷമത്തോടെ കണ്ടപ്പോഴാണ് ആദ്യം സ്വന്തമായി ഒരു സ്ഥാപനം എന്ന ശ്രമം ചിന്തിച്ചത്. മഹാത്മായുടെ ജനസേവനങ്ങളെപ്പറ്റി കേട്ടറിഞ്ഞ് അടൂരിലെ കേന്ദ്രത്തിലെത്തി മനസ്സിലാക്കിയ ശേഷമാണ് ഇപ്പോള്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രിയദര്‍ശന ഈ തീരുമാനമെടുത്തത്.

എന്‍ജിനിയറിങ് കോളേജിനു സമീപം മുനിസിപ്പല്‍ റോഡിനോടു ചേര്‍ന്നാണ് പ്രിയദര്‍ശനയുടെ ഭൂമിദാനം നടത്തിയ വസ്തു. മുമ്പും പ്രിയദര്‍ശന ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഭൂമിദാനം നടത്തിയിട്ടുണ്ട്. അങ്കണ്‍വാടിക്കായി മൂന്നു സെന്റ് വസ്തു ഇവിടെതന്നെ നല്‍കിയിരുന്നു. 1969ല്‍ പത്തനംതിട്ട പഞ്ചായത്തില്‍ േൈലബ്രറിയനായി ജോലിയില്‍ പ്രവേശിച്ച പ്രിയദര്‍ശന മുനിസിപ്പല്‍ സെക്രട്ടറിയായി പത്തനംതിട്ട നഗരസഭയില്‍ നിന്നാണ് വിരമിച്ചത്. ആലുവ, ചെങ്ങന്നൂര്‍, അടൂര്‍, പുനലൂര്‍, ചാലക്കുടി നഗരസഭകളിലും സേവനം ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഭൂദാനത്തിന് പൂര്‍ണ പിന്തുണ നല്‍കി. ഇവിടെ അശരണര്‍ക്കായി കേന്ദ്രം ഉയര്‍ന്നുകഴിഞ്ഞാല്‍ താനും അവര്‍െക്കാപ്പം എപ്പോഴും ഉണ്ടാകുമെന്നും പ്രിയദര്‍ശന പറഞ്ഞു.

പ്രിയദര്‍ശനയെന്ന അമ്മ മഹാത്മയ്ക്ക് നല്‍കിയ ലക്ഷങ്ങളുടെ പുണ്യമുള്ള വിഷുക്കൈനീട്ടം 15ന് ആന്റോ ആന്റണി എം.പി., ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. എന്നിവരുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങുമെന്ന് മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പറഞ്ഞു.

 

 




MathrubhumiMatrimonial