goodnews head

കെ.എസ്.ആര്‍.ടി.സിയ്ക്ക് വിഷുക്കൈനീട്ടം; ജീവനക്കാര്‍ വേതനം വാങ്ങാതെ ബസ് ബോഡി നിര്‍മ്മിക്കുന്നു

Posted on: 05 Apr 2015


മാവേലിക്കര: ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സി. യ്ക്ക് മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരുടെ വിഷുക്കൈനീട്ടം.

ജോലിസമയം കഴിഞ്ഞുള്ള വേളകളില്‍, പ്രതിഫലം വാങ്ങാതെ ബസ് ബോഡി നിര്‍മ്മിച്ചു നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ഇവിടത്തെ 55 ജീവനക്കാര്‍. കെ.എസ്.ആര്‍.ടി.സി.യുടെ പതിനേഴായിരാമത്തെ ബസ് അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

യൂണിയന്‍ വ്യത്യാസമില്ലാതെ എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായാണ് സൗജന്യമായി ബസ് ബോഡി നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചതെന്ന് വര്‍ക്‌സ് മാനേജര്‍ എം.വി. മനോജ് പറഞ്ഞു. ബോഡി നിര്‍മ്മാണം മുക്കാല്‍ പങ്കും പൂര്‍ത്തീകരിച്ചു. 13ന് വര്‍ക്ക്‌ഷോപ്പ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുതിയ ബസിന്റെ താക്കോല്‍ കൈമാറും. ബസിന്റെ സീരീസ് നമ്പരില്‍ ഇംഗ്ലീഷ് അക്ഷരം ഒഴിവാക്കി 17,000 എന്ന് മാത്രമാവും നല്‍കുക.

മാവേലിക്കര റീജണല്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ സൗജന്യമായി ബോഡി നിര്‍മ്മിച്ചു നല്‍കിയ ബസ് എന്ന് ബസിന്റെ അകവശത്ത് രേഖപ്പെടുത്തും. ഫാസ്റ്റ് പാസഞ്ചറിനുള്ള ബോഡി വേതനം വാങ്ങാതെ നിര്‍മ്മിച്ചു നല്‍കുന്ന ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ഉന്നത അധികൃതരോട് ഒരു അഭ്യര്‍ത്ഥന മാത്രമാണുള്ളത്. ഈ ബസ് തങ്ങള്‍ക്ക് എന്നും കാണുന്നതിനായി മാവേലിക്കര ഡിപ്പോയ്ക്ക് അനുവദിച്ചുനല്‍കണേ എന്നാണത്.

 

 




MathrubhumiMatrimonial