Crime News

യുവാവ് കുത്തേറ്റ് മരിച്ചത് സിഗരറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍

Posted on: 05 Apr 2015


മലമ്പുഴ: കഴിഞ്ഞദിവസം മലമ്പുഴയില്‍ ഉത്സവാഘോഷത്തിനിടെ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിലേക്ക് നയിച്ചത് ഒരു സിഗരറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം. കഞ്ചിക്കോട് ഹില്‍വ്യുനഗര്‍ 'കൃഷ്ണകൃപ'യില്‍ മണിയുടെ മകന്‍ മഹേഷാണ് (28) കൊല്ലപ്പെട്ടത്. മലമ്പുഴ ഹേമാംബിക ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തില്‍ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു മഹേഷ്.

ആഘോഷങ്ങള്‍ക്കിടെ ചിറ്റൂര്‍ പന്നിപ്പെരുന്തല സ്വദേശിയായ സുഹൃത്ത് സജിത്തിനോട് (22) മഹേഷ് സിഗരറ്റ് ചോദിച്ചു. കൊടുക്കാതിരുന്നതോടെ വാക്കുതര്‍ക്കമായി. ഇരുവരെയും നാട്ടുകാര്‍ പിരിച്ചുവിട്ടു. വീണ്ടും ഇവര്‍ വഴിയില്‍ തമ്മില്‍ കാണുകയും വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ സജിത്ത് എളിയില്‍ കരുതിയിരുന്ന കത്തികൊണ്ട് മഹേഷിനെ കുത്തുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ദുബായില്‍ ഇലക്ട്രീഷ്യനായിരുന്ന മഹേഷ് ഒമ്പതുമാസംമുമ്പാണ് നാട്ടിലെത്തിയത് . ദുബായിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കൊല്ലപ്പെട്ടത്.

മലമ്പുഴയിലെ കാഞ്ഞിരക്കടവില്‍ മഹേഷ് കുത്തേറ്റുമരിച്ച സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധനക്കെത്തി. ശനിയാഴ്ച തൃശ്ശൂരില്‍നിന്ന് ടെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘം സംഭവസ്ഥലത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും സജിത്ത് പോലീസ് നിരീക്ഷണത്തിലാണെന്നും കേസിന്റെ അന്വേഷണച്ചുമതലയുള്ള ഹേമാംബിക സി.ഐ. കെ.സി. വിനു പറഞ്ഞു.

 

 




MathrubhumiMatrimonial