
പോലീസ് സ്റ്റേഷന്‍ വളപ്പിലെ ബിവറേജസില്‍നിന്ന് കാല്‍ലക്ഷത്തിലധികം രൂപയുടെ മദ്യം കവര്‍ന്നു
Posted on: 05 Apr 2015
ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം
പുത്തൂര്‍: പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനകേന്ദ്രത്തില്‍നിന്ന് കാല്‍ലക്ഷത്തിലധികം രൂപയുടെ വിദേശമദ്യം കവര്‍ന്നു. പുത്തൂര്‍ പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് വില്പനകേന്ദ്രത്തില്‍നിന്നാണ് 27,420 രൂപയുടെ വിദേശമദ്യം കടത്തിക്കൊണ്ടുപോയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ശിനയാഴ്ച രാവിലെ വില്പനകേന്ദ്രം തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മദ്യം മോഷണംപോയ വിവരം അറിയുന്നത്.
ഔട്ട്‌ലെറ്റിന്റെ പിന്‍ഭാഗത്ത് മേല്‍ക്കൂരയില്‍ കയറി ഷീറ്റ് ഉറപ്പിച്ചിരിക്കുന്ന നട്ടും മറ്റും ഇളക്കിമാറ്റി കയര്‍ കെട്ടി അതിലൂടെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മോഷണം കഴിഞ്ഞ് അതുവഴിതന്നെ പുറത്തെത്തിയശേഷം കയര്‍ മുറിച്ചുമാറ്റുകയും ചെയ്തിരിക്കുകയാണെന്ന് പോലീസ് പറയുന്നു. ഔട്ടലെറ്റിനുള്ളില്‍ ലോക്കറില്‍ 13.5 ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി ജീവനക്കാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോക്കറിന്റെ പിടി ഒടിച്ചനിലയിലാണ്. കൊട്ടാരക്കര സി.ഐ. ഷൈനു തോമസ്, പുത്തൂര്‍ എസ്.ഐ. സുധീഷ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു.
നെടുവത്തൂര്‍ പഞ്ചായത്തിലെ കംഫര്‍ട്ട് സ്റ്റേഷനാണ് ചില അറ്റകുറ്റപ്പണികള്‍ നടത്തി പുത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റാക്കി മാറ്റിയത്.
