Crime News

ദീപക് വധം: രണ്ട് പ്രതികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം

Posted on: 05 Apr 2015


തൃശ്ശൂര്‍: ജനതാദള്‍(യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം. എഫ്.ഐ.ആറും റിമാന്‍ഡ് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകളില്‍ ജാമ്യം ലഭിക്കാനുതകുന്ന വകുപ്പ് എഴുതിച്ചേര്‍ത്തതാണ് പിടികൂടി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്.

കേസിലെ എട്ടാംപ്രതി ചാഴൂര്‍ എസ്.എന്‍.റോഡ് കുരുതുകുളങ്ങര വീട്ടില്‍ കെ.എസ്. ബൈജു(21), പത്താം പ്രതിയും കാട്ടൂര്‍ പഞ്ചായത്ത് ബി.ജെ.പി. പ്രസിഡന്റുമായ കരാഞ്ചിറ മുനയംവിയ്യത്ത് വീട്ടില്‍ സരസന്‍(43) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) ജാമ്യം അനുവദിച്ചത്.

മാര്‍ച്ച് 27 ന് റിമാന്‍ഡു ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒമ്പതു പ്രതികളെ വിയ്യൂര്‍ ജയിലിലയച്ചിരുന്നു. ഏപ്രില്‍ ഒന്നിന് ബൈജുവിന്റെയും സരസന്റെയും ജാമ്യഹര്‍ജി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തി. ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ മനോജ്കുമാര്‍ ശക്തമായി എതിര്‍ത്തെങ്കിലും പ്രതികളുടെ അപേക്ഷ തള്ളുന്നതിന് കാരണമായ വകുപ്പുകളൊന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മജിസ്‌ട്രേട്ട് അനില്‍കുമാര്‍ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

ആയുധങ്ങള്‍ ഒളിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമുള്ള ഐ.പി.സി. 201 വകുപ്പ് മാത്രമാണ് ഈ പ്രതികള്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ. ആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പോലീസ് ചുമത്തിയിരുന്നത്. ഇതാണ് പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ആരോപിക്കുന്ന 302, 120 ബി തുടങ്ങിയ വകുപ്പുകള്‍ ഈ പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച പറ്റിയതായി മനസ്സിലാക്കിയ പോലീസ് അധികൃതര്‍ ശനിയാഴ്ച ദീപക്കിന്റെ വീട് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രിക്ക് മുമ്പിലും ഈ വിവരം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചിരുന്നു.

ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ വിധി മറികടക്കാന്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും നിലവില്‍ ചുമത്തിയിരിക്കുന്ന ദുര്‍ബലമായ വകുപ്പുകള്‍ പോലീസിന്റെ നീക്കത്തിന് ഗുണകരമാകില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

 

 




MathrubhumiMatrimonial