Crime News

വസ്ത്രംമാറുന്ന മുറിയില്‍ മന്ത്രി സ്മൃതി ഇറാനി കണ്ടത് ഒളിക്യാമറ

Posted on: 04 Apr 2015


*ഗോവ പോലീസ് കേസെടുത്തു
*നാല് പേര്‍ കസ്റ്റഡിയില്‍


പനാജി: വസ്ത്രംമാറുന്ന മുറിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വരവേറ്റത് ഒളിക്യാമറ. ഗോവ കാണ്‍ഡോലിമിലെ 'ഫാബ് ഇന്ത്യ' ഷോറൂമിലാണ് സംഭവം. മന്ത്രിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ നിര്‍ദേശപ്രകാരം വസ്ത്രശാല അടച്ചുപൂട്ടുകയും ചെയ്തു.

ഭര്‍ത്താവ് സുബിന്‍ ഇറാനിക്കൊപ്പം രണ്ടുദിവസത്തെ അവധി ആഘോഷിക്കാനെത്തിയതായിരുന്നു സ്മൃതി ഇറാനി. ഉടുപ്പ് വാങ്ങാന്‍ ഷോറും സന്ദര്‍ശിച്ചപ്പോഴാണ് വസ്ത്രംമാറുന്ന മുറി ലക്ഷ്യമാക്കി സ്ഥാപിച്ച ഒളിക്യാമറ കണ്ടെത്തിയത്. ഉടനെ അവര്‍ ഗോവയിലെ ബി.ജെ.പി. എം.എല്‍.എ. മൈക്കല്‍ ലോബോയെ വിവരമറിയിച്ചു.

അദ്ദേഹം പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഉടനെ സംഭവസ്ഥലത്തെത്തി. പരിശോധനയില്‍ ക്യാമറ നാലുമാസം മുമ്പ് വെച്ചതാണെന്നും അതില്‍ പതിയുന്ന ദൃശ്യങ്ങള്‍ മാനേജരുടെ ഓഫീസിലെ കമ്പ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്നുണ്ടെന്നും കണ്ടെത്തി. പെട്ടെന്ന് ശ്രദ്ധയില്‍പെടുന്ന രീതിയിലായിരുന്നില്ല ക്യാമറ. വസ്ത്രം മാറുന്ന മുറിയിലെ ഒട്ടേറെ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാവാമെന്ന് എം.എല്‍.എ. പറഞ്ഞു.
കസ്റ്റഡിയിലെടുത്ത നാല് പേരും ഫാബ് ഇന്ത്യയിലെ ജീവനക്കാരാണ്. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വസ്ത്രം മാറുന്നത് റെക്കോര്‍ഡ് ചെയ്യാനാണ് ക്യാമറ വെച്ചതെന്ന ആരോപണത്തിനെതിരെ ഫാബ് ഇന്ത്യ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. വസ്ത്രം മാറുന്ന മുറി കാണുന്ന തരത്തിലല്ല ക്യാമറ സ്ഥാപിച്ചതെന്ന് കന്പനിയുടെ മാനേജിങ് ഡയറക്ടര്‍ വില്യം ബിസെല്‍ അവകാശപ്പെട്ടു. കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ക്യാമറ വെച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഗോവയില്‍ പല സ്ഥാപനങ്ങളിലും വസ്ത്രം മാറുന്ന മുറികളില്‍ ക്യാമറ വെക്കാറുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതിയെന്താണെന്ന് ചിന്തിക്കണമെന്നും പാര്‍ട്ടി വക്താവ് ദുര്‍ഗാ ദാസ് കാമത്ത് പ്രതികരിച്ചു.

 

 




MathrubhumiMatrimonial