Crime News

ആസിഡാക്രമണം: ബിഹാറില്‍ പ്രതിക്ക് പത്തുവര്‍ഷം തടവും പിഴയും

Posted on: 04 Apr 2015


മുസാഫര്‍പുര്‍: ബിഹാറില്‍ ആസിഡഡാക്രമണക്കേസിലെ പ്രതിക്ക് കോടതി പത്തുവര്‍ഷം തടവും 30,000 രൂപ പിഴയും വിധിച്ചു. ആസിഡാക്രമണക്കേസ് സംബന്ധിച്ച പുതിയ നിയമപ്രകാരമുള്ള കോടതിയുടെ ആദ്യവിധിയാണിത്.

രാമകാന്ത് റായി എന്ന ബോക്‌സിങ് റായി(70)ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി തരുണ്‍കുമാര്‍ സിന്‍ഹ ശിക്ഷവിധിച്ചത്. 2000 ഏപ്രില്‍ 29-ന് ബിഹാറിലെ കോയ്‌ലി ബഹര്‍വാന്‍ ഗ്രാമത്തിലെ രേണുദേവി(20)യെന്ന യുവതിയുടെ മുഖത്തും ദേഹത്തും ആസിഡൊഴിച്ച കേസിലാണ് ശിക്ഷ. പിഴത്തുകയില്‍ 20,000 രൂപ ആക്രമണത്തിനിരയായ യുവതിയുടെ ചികിത്സച്ചെലവായിനല്‍കാനും കോടതി നിര്‍ദേശിച്ചു.

യുവതി വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു റായിയും മറ്റൊരാളുംചേര്‍ന്ന് ആസിഡൊഴിച്ചത്. റായിയുടെ മരുമകനുവേണ്ടിയുള്ള വിവാഹാലോചന രേണുദേവിയുടെ വീട്ടുകാര്‍ നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. ശരീരമാസകലം പൊള്ളലേറ്റതിനുപുറമെ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു.

കോടതിവിധിയെ സ്വാഗതംചെയ്ത രേണുവും കുടുംബവും നഷ്ടപരിഹാരം കുറഞ്ഞതില്‍ നിരാശപ്രകടിപ്പിച്ചു. ചികിത്സയ്ക്കായി 20 ലക്ഷത്തോളം ചെലവായതായി യുവതിയുടെ അമ്മ പറഞ്ഞു.

ആസിഡാക്രമണങ്ങള്‍ പെരുകിയതിനെത്തുടര്‍ന്ന് 2013 ഏപ്രിലിലാണ് ഇതുസംബന്ധിച്ച നിയമം ഭേദഗതിചെയതത്. കുറ്റംതെളിഞ്ഞാല്‍ പ്രതികള്‍ക്കു കുറഞ്ഞത് പത്തുവര്‍ഷംവരെ തടവും പിഴയുമാണ് നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. വേണമെങ്കിലിതു ജീവപര്യന്തമാക്കുകയും ചെയ്യാം.

 

 




MathrubhumiMatrimonial