goodnews head

മീനാക്ഷിയമ്മയ്ക്ക് ശാന്തിനികേതനില്‍ അഭയമായി

Posted on: 03 Apr 2015


പാലക്കാട്: മീനാക്ഷിയമ്മയ്ക്കിനി ആരോരുമില്ലാത്ത കുടിലില്‍ ഒറ്റയ്ക്കുകഴിയേണ്ടിവരില്ല. റോഡില്‍ അലഞ്ഞുനടക്കുകയും വേണ്ട. കുന്നത്തൂര്‍മേട്ടില്‍ കാടുപിടിച്ചസ്ഥലത്ത് അവശയായി കിടന്നിരുന്ന മീനാക്ഷിയമ്മയ്ക്കിനി കഴിക്കാന്‍ ഭക്ഷണവും കൂട്ടിനായി ധാരാളം അമ്മമാരെയും ലഭിക്കും.
ചുളിവുകള്‍വീണ മുഖത്ത് ആശ്വാസവും നന്ദിയും. വിധിയാല്‍ സമൂഹം ഉപേക്ഷിച്ച മീനാക്ഷിയമ്മയ്ക്ക് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായി വനിതാ ഹെല്‍പ്പ് ലൈന്‍. ചുണ്ണാമ്പുതറയിലെ ശാന്തിനികേതനില്‍ ശാന്തിയും സമാധാനവും നിറഞ്ഞൊരുജീവിതം ഇനി അവര്‍ക്കുലഭിക്കും.
ആസ്പത്രിയിലെ ചികിത്സയ്ക്കുശേഷം വീണ്ടും കുന്നത്തൂര്‍മേട്ടിലെ കുടിലിലേക്ക് പോകാനായി ഇറങ്ങിയപ്പോഴായിരുന്നു ജീവിതത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന സഹായഹസ്തം മീനാക്ഷിയമ്മയ്ക്ക് ലഭിച്ചത്. ജില്ലാ ആസ്പത്രിയില്‍ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്ന ഇവരെ അതിനുശേഷം ഏറ്റെടുക്കാനായി എത്തിയപ്പോള്‍ ആസ്പത്രിയ്ക്കുമുന്നില്‍നിന്ന് മീനാക്ഷിയമ്മയെ കണ്ടു. എങ്ങോട്ടാണെന്ന ചോദ്യത്തിന് ഡിസ്ചാര്‍ജ് ആയെന്നായിരുന്നു ഉത്തരം. എന്നാല്‍ ആസ്പത്രിയില്‍ അന്വേഷിച്ചപ്പോള്‍ ആരോടുംപറയാതെ ഇറങ്ങിപ്പോയതാണെന്നറിഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പേ ഭര്‍ത്താവ് ചാമിയാരും ഒരു വയസ്സുള്ളപ്പോള്‍ത്തന്നെ കുഞ്ഞും തനിക്ക് നഷ്ടമായെന്നും മറ്റ് ബന്ധുക്കളൊന്നുമില്ലാതെ അന്നുമുതല്‍ ഒറ്റയ്ക്കാണ് ജീവിതമെന്നും നിറകണ്ണുകളോടെ മീനാക്ഷിയമ്മ പറഞ്ഞു. വീണ്ടും അവശതനിറഞ്ഞ ജീവിതത്തിലേക്ക് അവരെ തള്ളിവിടാതെ അവര്‍ക്കായി പുതിയ ഒരുജീവിതം വനിതാഹെല്‍പ്പ് ലൈന്‍ ഒരുക്കുകയായിരുന്നു. കുന്നത്തൂര്‍മേട്ടില്‍ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് അവശയായി കിടന്നിരുന്ന ഇവരെ പാലക്കാട് ജില്ലാ ആസ്പത്രിയിലെത്തിച്ചതും വനിതാ ഹെല്‍പ്പ് ലൈനായിരുന്നു.

 

 




MathrubhumiMatrimonial