Crime News

നേര്യമംഗലത്ത് അനധികൃത മണല്‍ കടത്ത്; ലോറി പിടികൂടി

Posted on: 03 Apr 2015


കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ പാസ്സില്‍ കൃത്രിമം കാണിച്ച് മണല്‍ കടത്തിയ ടിപ്പര്‍ ലോറിയും ഡ്രൈവറും റൂറല്‍ എസ്.പി. യുടെ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിയില്‍. ടിപ്പര്‍ ഡ്രൈവര്‍ വിനോദ് തോമസിനെ അറസ്റ്റ് ചെയ്തു. നേര്യമംഗലം കിങ്‌സ് കടവില്‍ നിന്ന് ഒരു പാസ്സിന്റെ മറവില്‍ രണ്ട് ലോഡ് മണല്‍ കയറ്റി വില്പന നടത്തിയവരാണ് പോലീസിന്റെ പിടിയിലായത്.

പഞ്ചായത്തില്‍ നിന്ന് കടവില്‍ പാസ് എഴുതാന്‍ പോയ ജീവനക്കാരന്റെ ഒത്താശയോടെയാണ് പാസ്സില്‍ കൃത്രിമം കാട്ടി മണല്‍ കടത്തിയത്. ആലുവ റൂറല്‍ എസ്.പി. യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വഡാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോറിയും മണലും പിടിച്ചെടുത്തത്.

പാസ്സിന്റെ മറവില്‍ കൊണ്ടുപോകുന്ന മണല്‍ ആലപ്പുഴ ജില്ലയില്‍ വിറ്റാല്‍ ഒരു ലോഡിന് 35,000 രൂപ കിട്ടുമെന്ന് പോലീസ് പറഞ്ഞു. ലാഭം കൂടുതല്‍ ലഭിക്കുന്നത് മൂലം പാസ്സിന്റെ മറവിലും അല്ലാതെയും മണല്‍ കടത്ത് വ്യാപകമാണ്.
ഡ്രൈവറേയും ടിപ്പറും ഊന്നുകല്‍ പോലീസിന് കൈമാറി.

സ്‌ക്വഡ് എസ്.ഐ ബിനോയ് പൗലോസ്, സി.പി.ഒ. മാരായ എ.ടി. രാഹുല്‍, പി.എ. ഷിയാസ്, പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശേധന നടത്തിയത്.

 

 




MathrubhumiMatrimonial