
നിഷാമിന് കുറ്റപത്രം ശനിയാഴ്ച
Posted on: 03 Apr 2015
ഭാര്യ പതിനൊന്നാം സാക്ഷി
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി നിഷാമിനെതിരെയുള്ള കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. നിഷാമിന്റെ ഭാര്യ അമലിനെ പതിനൊന്നാമത്തെ സാക്ഷിയായിട്ടാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുപ്പതോളം ശാസ്ത്രീയ തെളിവുകളും നൂറിലേറെ സാക്ഷിമൊഴികളും മറ്റ് തെളിവുകളും എല്ലാം അടങ്ങുന്നതാണ് കുറ്റപത്രം. വെള്ളിയാഴ്ചയോടെ ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാകും.
ശനിയാഴ്ച വൈകീട്ട് കുന്നംകുളം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി. ഉദയഭാനു അറിയിച്ചു. നിഷാമിന്റെ ഭാര്യയെ കേസില്‍ എങ്ങനെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തീരുമാനമായത് ഇപ്പോഴാണ്. ഇവരെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്ന കാര്യത്തില്‍ പോലീസ് സംശയത്തിലായിരുന്നു. നിഷാം ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് അമലും കൂടെയുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷിയായില്ലെങ്കില്‍ ഇവര്‍ പ്രതിഭാഗം സാക്ഷിയാകാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനാല്‍ അതില്‍നിന്ന് മാറാനും സാധിക്കില്ല. മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി മാറ്റുന്നതും ശിക്ഷാര്‍ഹമാണ്.
ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍, മറ്റ് തൊഴിലാളികള്‍, ഫ്‌ലാറ്റിലുണ്ടായിരുന്നവര്‍, പരിശോധിച്ച ഡോക്ടര്‍ എന്നിവരുടേതാണ് രഹസ്യ മൊഴികള്‍.
