Crime News

മദ്യനയം: എക്‌സൈസ് വകുപ്പ് സമ്മര്‍ദ്ദത്തില്‍

Posted on: 02 Apr 2015



തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം നിലവില്‍ വന്നതോടെ മദ്യപന്‍മാര്‍ മാത്രമല്ല എക്‌സൈസ് വകുപ്പും വെട്ടിലായി. വ്യാജമദ്യവും സ്പിരിറ്റുകടത്തും കൂടാനിടയുള്ള സാഹചര്യത്തില്‍ പരിശോധനകള്‍ക്ക് വേണ്ടത്ര ജീവനക്കാരില്ലാതെ വലയുകയാണ് എക്‌സൈസ് വകുപ്പ്. കമ്മീഷണറടക്കം ആകെ 5150 ആണ് എക്‌സൈസിന്റെ അംഗസംഖ്യ. ഇത് ഉയര്‍ത്തണമെന്ന് കമ്മീഷണര്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.

ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കിയാല്‍ എക്‌സൈസില്‍ പരിശോധനക്ക് നിയോഗിക്കാവുന്നവര്‍ 5000ത്തില്‍ താഴെ മാത്രമാണ്്. പരിശോധനകള്‍ കാര്യക്ഷമമായി നടത്തണമെങ്കില്‍ ഉദ്യോഗസ്ഥരുടെ എണ്ണം പത്ത് ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. ആവശ്യമായ ജീവനക്കാരില്ലാതെ സമഗ്രപരിശോധനകള്‍ സാധ്യമല്ലെന്ന നിലപാടിലാണിവര്‍.

ഒരോ ജില്ലകളിലും എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പതിനാലുപേരടങ്ങിയ സ്‌ക്വാഡാണ് പരിശോധനകള്‍ക്ക് നേതൃത്ത്വം നല്‍കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറാണുകുളം ജില്ലകളില്‍ മൂന്ന് മേഖലാ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ തിരക്കുകൂടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ആവശ്യപ്പെട്ട് എക്‌സൈസ് കമ്മിഷണര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial