goodnews head

അവസാന പെഗ്ഗും ഒഴിച്ചു; അവര്‍ പിരിഞ്ഞു

Posted on: 01 Apr 2015


കോഴിക്കോട്: കഴിക്കുന്ന മദ്യത്തേക്കാള്‍ അവരുടെയെല്ലാവരുടേയും ശ്രദ്ധ മുന്നിലെ ടി.വി. സ്‌ക്രീനില്‍ തെളിയുന്ന വാര്‍ത്തകളിലായിരുന്നു. കേരളത്തില്‍ ഇനി 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമേ അവശേഷിക്കൂ എന്ന വാര്‍ത്ത വൈകുന്നേരം ആറ് മണിയോടെ ചാനലുകളില്‍ തെളിഞ്ഞു.

മേശയ്ക്കുചുറ്റും മദ്യം നുണയുന്നവരല്ല അപ്പോള്‍ തകര്‍!ന്നുപോയത്. ഒരു തുള്ളിപോലും കുടിക്കാതെ അന്നംകണ്ടെത്താനുള്ള ജോലി എന്നനിലയില്‍ മാത്രം ഈ മേഖലയെക്കണ്ടിരുന്ന തൊഴിലാളികളാണ്. വാര്‍ത്തകള്‍വന്നപ്പോള്‍ അവര്‍ പരസ്പരം വിളറിച്ചിരിച്ചു. മേശകളിലെ വിളികള്‍ക്കനുസരിച്ച് ഓര്‍ഡറുകള്‍ എടുക്കുമ്പോഴും നാളെ എന്ത്? എന്ന ചോദ്യം അവരുടെ നെഞ്ചിലൂടെ എരിഞ്ഞിറങ്ങിപ്പോയി. വീട്. കുടുംബം, കു ട്ടികള്‍...അവസാന പെഗ്ഗും കഴിച്ച് ആള്‍ക്കൂട്ടം പിരിഞ്ഞപ്പോഴും ആ തൊഴിലാളികള്‍ നിശ്ചേഷ്ടരായി നിന്നു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഒരു ജീവിതം തുടങ്ങുകയാണ്. 'ഇത്തവണ ഞങ്ങളാണ് ഫൂളായത്' അവരിലൊരാള്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തിലെ ബാറുകളിലെല്ലാം ചൊവ്വാഴ്ചരാത്രി നല്ല തിരക്കായിരുന്നു. അവരില്‍ പലരും ആ ബാറുകളിലെ നിത്യസന്ദര്‍ശകരായിരുന്നു. മേശകള്‍ക്ക് മുമ്പില്‍ എത്രയോ സായാഹ്നങ്ങളിലിരുന്ന് സൗഹൃദം കൂടിയവര്‍. കാലങ്ങളായിത്തുടങ്ങിയിരുന്ന ആ ബന്ധം അവസാനിക്കുന്നു. മേശകള്‍ക്കും കൗണ്ടറുകള്‍ക്കുമിടയിലെ ചര്‍ച്ചകള്‍ തീരുന്നു.

അളകാപുരി, മലബാര്‍പാലസ്, ബീച്ച് ഹോട്ടല്‍, വെസ്റ്റ് വേ എന്നിവയാണ് നഗരത്തില്‍ ബുധനാഴ്ചയോടെ താഴുവീഴുന്ന പ്രധാന ബാറുകള്‍. ഇവിടെങ്ങളിലെല്ലാം ഹോട്ടലുകളുമുണ്ട്. എന്നാല്‍ ബാര്‍ പൂട്ടുന്നതിനനുസരിച്ച് ഹോട്ടലുകളിലും ആരുമുണ്ടാവില്ലെന്നാണ് തൊഴിലാളികളുടെ ഭയം. മദ്യവില്പനയില്ലാത്ത എല്ലാ മാസവും ഒന്നാംതീയതി ബാറുകളോടനുബന്ധിച്ച ഹോട്ടലുകളില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ വരാറുള്ളൂ എന്ന് തൊഴിലാളികള്‍ പറയുന്നു. ബാറുകളില്‍നിന്നുള്ള വരവുകൊണ്ട് മറ്റുകാര്യങ്ങള്‍ കൊണ്ടുനടക്കുന്ന ഇടങ്ങളുമുണ്ട്. അവരുടെയെല്ലാം ഭാവി ചൊവ്വാഴ്ചത്തെ വിധിയോടെ അനശ്ചിതത്വത്തിലായി.

കോഴിക്കോട്ട് ബുധനാഴ്ചമുതല്‍ താജ് ഗേറ്റ് വേ ഹോട്ടലില്‍ മാത്രമേ ബാര്‍ പ്രവര്‍ത്തിക്കൂ. നഗരപ്രാന്തത്തില്‍ രാമനാട്ടുകരയ്ക്കടുത്ത് കടവ് റിസോര്‍ട്ടിലും. എന്നാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ് ഇവിടങ്ങളിലെ മദ്യത്തിന്റെ വില.

കോഴിക്കോട്ട് താഴുവീഴുന്ന എല്ലാബാറുകളും ഏറ്റവും തിരക്കേറിയവയാണ്. അതുകൊണ്ടുതന്നെ അവ അടച്ചുപൂട്ടപ്പെടുമ്പോള്‍ അത്രയും ആളുകളുടെ തിരക്കുകൂടി ബുധനാഴ്ച മുതല്‍ സര്‍ക്കാറിന്റെ ബിവറേജിന് മുന്നിലേക്കുനീളും. അടയ്ക്കുന്ന ബാറുകളിലെല്ലാം ഭാവിയില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കപ്പെടും എന്ന ആശ്വാസത്തിലാണ് പലരും. എന്നാല്‍ പഴയ പ്രതാപത്തിന് അതുപോരാ എന്ന പക്ഷമാണ് മിക്കവര്‍ക്കും.

ഒടുവില്‍ രാത്രി പത്തുമണിയോടെ ബാറുകള്‍ക്ക് താഴിടുമ്പോള്‍ ഉപഭോക്താക്കളേക്കാള്‍ തൊഴിലാളികള്‍ സ്വയം ആശ്വസിക്കുന്നത് കോള്‍ക്കാമായിരുന്നു. സുപ്രീം കോടതി സഹായിക്കുമായിരിക്കും.

 

 




MathrubhumiMatrimonial