
ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം
Posted on: 01 Apr 2015
കൊലപാതകം സംശയത്തിന്റെ പേരില്‍
കോഴിക്കോട്്: സംശയത്തിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊണ്ടോട്ടി കുഴിമണ്ണ വളപ്പില്‍ക്കുണ്ട് കുന്നത്തുവീട്ടില്‍ സജീവിനെ (29) യാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പകത്ത് ശിക്ഷിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ അരലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികമായി കഠിനതടവ് അനുഭവിക്കണം.
2013 ആഗസ്ത് 30-ന് രാത്രി കൊടിയത്തൂര്‍ പന്നിക്കോട് കൂടത്തുംപറമ്പിലെ രാജാമണിയുടെ മകള്‍ വര്‍ഷ (21) കൊല്ലപ്പെട്ടതാണ് കേസ്. മുക്കം നീലേശ്വരത്തിനടുത്തെ പൂളപ്പൊയിലില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം ക്വാര്‍ട്ടേഴ്‌സില്‍ വടകയ്ക്ക് താമസിക്കുന്നതിനിടെയാണ് വര്‍ഷ കുത്തേറ്റ് മരിച്ചത്. മുമ്പ് പലതവണ സജീവ് ഉപദ്രവിച്ചിരുന്നതിനാല്‍ ആറുമാസമായി അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു താമസം.
സംഭവദിവസം വീട്ടിലേക്ക് വരാന്‍ വര്‍ഷയെ സജീവ് നിര്‍ബന്ധിച്ചിരുന്നു. വര്‍ഷ ഇതിന് തയ്യാറാകാത്തതില്‍ പ്രകോപിതനായാണ് സജീവ് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കത്തികൊണ്ടുള്ള 43 മുറിവുകളാണ് വര്‍ഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലയ്ക്കുശേഷം സജീവ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആത്മഹത്യാശ്രമം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. പ്ലസ്ടു പാസായ വര്‍ഷ വിവാഹ ശേഷം ബിഫാമിന് പഠിക്കാന്‍ ചേര്‍ന്നിരുന്നു. കല്‍പ്പണിക്കാരനായ തന്നെക്കാള്‍ വിദ്യാഭ്യാസമുള്ള വര്‍ഷയ്ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സജീവ് നിരന്തരം ഉപദ്രവിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാനവാദം. പ്രോസിക്യൂഷനു വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഷാജു ജോര്‍ജ് ഹാജരായി. കേസിലെ ഏക ദൃക്‌സാക്ഷി വര്‍ഷയുടെ അമ്മ ബേബിയായിരുന്നു. ഇവരെയടക്കം 20 സാക്ഷികളെ വിസ്തരിച്ചു. 33 തൊണ്ടികളും 36 രേഖകളും ഹാജരാക്കി.
