Crime News

സഹപാഠിയെ ബൈക്കില്‍കയറ്റി യാത്രചെയ്ത വിദ്യാര്‍ഥികള്‍ക്ക് സദാചാരപോലീസിന്റെ അക്രമം

Posted on: 01 Apr 2015



പെരിയ: സഹപാഠിയായ വിദ്യാര്‍ഥിനിയെ ബന്ധുവീട്ടിലെത്തിക്കാന്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥിക്കുനേരെ സദാചാരപോലീസ് ചമഞ്ഞ് അക്രമം. പെരിയ പോളിടെക്‌നിക് മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥി ആയമ്പാറയിലെ കിരണിനെ(18)യാണ് ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരിയ ബസ്സ്‌റ്റോപ്പില്‍ ബസ് കാത്തുനിന്ന് വലഞ്ഞ സഹപാഠിയായ വിദ്യാര്‍ഥിനിയെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് കിരണിന് മര്‍ദനമേറ്റത്.

പെരിയാട്ടടുക്കത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ പിന്തുടര്‍ന്ന ഒരുസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് കിരണ്‍ പറഞ്ഞു. മര്‍ദനമേറ്റ കിരണിനെ ഒടുവില്‍ പോലീസ് എത്തിയാണ് ആസ്പത്രിയിലെത്തിച്ചത്. കിരണിനെ പെരിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മന്‍സൂര്‍, സാബിര്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

ചികിത്സയില്‍ കഴിയുന്ന കിരണിനെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. എം.കെ.ബാബുരാജ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സദാചാര പോലീസ് സംഘങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് പുല്ലൂര്‍-പെരിയ മണ്ഡലം പ്രസിഡന്റ് ടി.രാഗേഷ് ആവശ്യപ്പെട്ടു. സംഭവത്തില്‍ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

 

 




MathrubhumiMatrimonial