Crime News

പെരിങ്ങോട്ടുകരയില്‍ സംഘര്‍ഷം; രണ്ട് കാറുകള്‍ തകര്‍ത്തു

Posted on: 31 Mar 2015


പെരിങ്ങോട്ടുകര: ജനതാദള്‍ (യു) നാട്ടിക മണ്ഡലം സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായി. തിങ്കളാഴ്ച പുലര്‍ച്ചെ ജനതാദള്‍ പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണമുണ്ടായി.
യുവജനതാദള്‍ (യു) ജില്ലാ സെക്രട്ടറി സ്മിത്തിന്റെ പെരിങ്ങോട്ടുകരയിലെ വീടാണ് ആക്രമിച്ചത്. വീടിന്റെ ഷെഡില്‍ കിടന്നിരുന്ന സ്മിത്തിന്റെ കാറും സഹോദരിയുടെ കാറും അക്രമിസംഘം കല്ലെറിഞ്ഞ് തകര്‍ത്തു. ഒരു കാറിന്റെ പിന്‍വശത്തെ ചില്ല് കല്ലേറില്‍ തകര്‍ന്നു. ബോഡിയിലും കല്ലേറില്‍ കുഴിയായിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി.

കൊല്ലപ്പെട്ട ദീപക്കിന്റെ ഫ്ലൂക്‌സുകള്‍ സന്ധ്യാനേരത്ത് വാളുകൊണ്ട് വെട്ടിനശിപ്പിച്ചെന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. രാത്രിയില്‍ ചില പ്രവര്‍ത്തകരുടെ വീടുകളിലെത്തി ആക്രോശിച്ചതായും പറയുന്നു.

കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനതാദള്‍ ഉപവാസം 7ന്

തൃശ്ശൂര്‍: പി.ജി. ദീപക്കിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊലപാതക - അക്രമ രാഷ്ട്രീയത്തിനെതിരെ ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളും ചേര്‍പ്പ് മഹാത്മാ മൈതാനത്ത് ഏപ്രില്‍ ഏഴിന് രാവിലെ പത്ത് മുതല്‍ ഉപവാസം നടത്തും. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാംസ്‌കാരിക നായകരും ഉപവാസപ്പന്തലില്‍ എത്തിച്ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.

 

 




MathrubhumiMatrimonial