
കേരളാ കോണ്‍ഗ്രസ്(എം) ഓഫീസ് ആക്രമണം: ആറു പേര്‍ അറസ്റ്റില്‍
Posted on: 31 Mar 2015
പി.സി.ജോര്‍ജ് അനുകൂലികള്‍ മന്ത്രി മാണിയുടെ കോലം കത്തിച്ചു
കോട്ടയം: കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ ആറു പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കുറവിലങ്ങാട് പുതിയാമറ്റം പുത്തന്‍പറമ്പില്‍ സച്ചിന്‍ ജയിംസ്(30), ഈരാറ്റുപേട്ട കാരയ്ക്കാട് പടിപ്പുരയ്ക്കല്‍ റിയാസ് അമീന്‍(21), തിടനാട് വെള്ളാവയലില്‍ ജോജി ജോസഫ്(26), ഇടക്കുന്നം മുക്കാലി ബംഗ്ലാവ് പറമ്പില്‍ സദാം കനിക്കുട്ടി(22), ഈരാറ്റുപേട്ട വേണാട്ട് ജോയിസ് വേണാടന്‍ (28), ഇടക്കുന്നം പുത്തന്‍വീട്ടില്‍ മുനീര്‍ അഷറഫ് (24) എന്നിവരാണ് തിങ്കളാഴ്ച പിടിയിലായത്. ഇവരുടെ വീടുകളിലെത്തിയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജാമ്യത്തിലിറങ്ങിയ ഇവരുടെ നേതൃത്വത്തില്‍ വൈകിട്ട് നഗരത്തില്‍ പ്രകടനം നടത്തി. നഗരത്തില്‍ മന്ത്രി കെ. എം. മാണിയുടെ കോലവും കത്തിച്ചു. ഞായറാഴ്ചയാണ് കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു.
