
മക്കളില്‍ വിശ്വാസമാകാം; പക്ഷേ...
Posted on: 30 Mar 2015
എസ്.എസ്. സുമേഷ് കുമാര്‍
നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍ 3
വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നത് ആരാണ്? റിപ്പോര്‍ട്ടുചെയ്യുന്ന കേസുകള്‍ പരിശോധിക്കുമ്പോള്‍ സാങ്കേതികവിദ്യയുടെ പുരോഗതിയും സമൂഹവും ഒരു ഘടകംമാത്രമാണ്. ഒന്നാംപ്രതി രക്ഷിതാക്കള്‍തന്നെയാണ്. മക്കളെ നിയന്ത്രിക്കാനോ അവരെ തെറ്റുംശരിയും പഠിപ്പിച്ചുകൊടുക്കാനോ മിനക്കെടാത്ത, അല്ലെങ്കില്‍ അതിന് സമയം നീക്കിവെക്കാന്‍ കഴിയാത്ത മാതാപിതാക്കളെയാണ് കൂടുതല്‍ കേസുകളിലും കാണുന്നത്. 'ഏയ്..എന്റെമകനായിരിക്കില്ല.. ടീച്ചര്‍ക്ക് തെറ്റിയതാവും.' എന്നുപറഞ്ഞൊഴിയുന്നവരാണ് കൂടുതല്‍പേരും. മക്കളില്‍ വിശ്വാസമുള്ളത് നല്ലതാണ്. പക്ഷേ, ആ വിശ്വാസം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കേണ്ടതും അവരുടെ കടമയാണ്
അച്ഛന്‍ അറിയുന്നുവോ ഇക്കഥകള്‍
എടക്കരയില്‍ ഒരു എല്‍.പി സ്‌കൂളില്‍ നടന്നതാണ്. മൂന്നാംക്ലാസുകാരനായ കുട്ടിയുടെ പെരുമാറ്റത്തില്‍ പൊടുന്നനെയുണ്ടായ മാറ്റം ആദ്യംശ്രദ്ധിച്ചത് അധ്യാപകനാണ്. സംസാരത്തിലും മറ്റുവിദ്യാര്‍ത്ഥിനികളോടുള്ള സമീപനത്തിലും ഒരു വശപ്പിശക്. പരാതികളും കൂടിവന്നു. കുട്ടിയെ ചോദ്യംചെയ്തതില്‍നിന്ന് പിതാവിന്റെ മൊബൈല്‍ഫോണില്‍ ശേഖരിച്ചിരിക്കുന്ന ക്ലിപ്പിങ്ങുകള്‍ പതിവായി കാണാറുണ്ടെന്ന് സമ്മതിച്ചു. ഇതൊരു അപൂര്‍വമായ സംഭവമല്ല.
മലപ്പുറം ചൈല്‍ഡ്‌ലൈനില്‍ അടുത്തകാലത്ത് ഇത്തരത്തില്‍ 15 കേസുകളാണെത്തിയത്. തങ്ങള്‍ മാത്രമേ ഇത് കാണുന്നുള്ളൂവെന്ന് പിതാവ് കരുതും. എന്നാല്‍ അവരറിയാതെ കുട്ടികളും ഇത് കാണുന്നുണ്ട്. അതിലെ തെറ്റ് മനസ്സിലാകാതെ അനുകരിക്കാന്‍ശ്രമിക്കും.
മുതിര്‍ന്നവരുമായുള്ള കുട്ടികളുടെ ചങ്ങാത്തത്തില്‍നിന്ന് മോശമായ പദങ്ങളും കാര്യങ്ങളും അവരും പഠിക്കുന്നുണ്ട്. മൊബൈല്‍ഫോണിന്റെ സാങ്കേതികവശങ്ങള്‍ സംബന്ധിച്ച് പലരും അജ്ഞരാണ്. താന്‍കാണുന്ന വീഡിയോ എങ്ങനെ സൂക്ഷിച്ചുവെക്കണമെന്ന ബോധം ഇല്ലാതെപോകുന്നു. എന്നാല്‍ കുട്ടിയെ സംബന്ധിച്ചിടത്തോളം പിതാവിനെക്കാളും സാങ്കേതികപരിജ്ഞാനം ഉണ്ടാകുന്നുണ്ട്. ഗെയിം കളിക്കാനും മറ്റും മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളുടെ കാഴ്ച പിന്നീട് പലതിലേക്കും തിരിയുകയാണ്. ചോര്‍ത്തിക്കിട്ടുന്ന ലൈംഗികകാഴ്ചകള്‍ കുട്ടിയുടെ പിതാവിനോടുള്ള കാഴ്ചപ്പാടുകളില്‍വരെ മാറ്റംവരുത്തുന്നുണ്ട്. വെളിച്ചമാകേണ്ട ഒരുമാതൃക അവിടെ തകരുകയാണ്.
വേണം സ്‌നേഹവും കരുതലും
പരീക്ഷയില്‍ മികച്ചവിജയംനേടുന്നതിന് പല രക്ഷിതാക്കളും മുന്നോട്ടുെവക്കുന്നത് മൊബൈലോ ലാപ്‌ടോപ്പോ ടാബ്‌ലറ്റോ വാങ്ങിനല്‍കാമെന്ന വാഗ്ദാനമാണ്. രാവിലെ സ്‌കൂളില്‍പോയി വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തുന്ന വിദ്യാര്‍ഥിക്ക് മൊബൈലിന്റെ ആവശ്യമുണ്ടോയെന്നത് രക്ഷിതാവ് ഇഷ്ടപ്പെടാത്ത ചോദ്യമാണ്. സാങ്കേതികവിദ്യയില്‍ മക്കള്‍ ഒരുചുവട് മുന്നില്‍നില്‍ക്കണമെന്ന ആഗ്രഹമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. ലഭിക്കുന്ന സംവിധാനങ്ങളെ യുക്തിപൂര്‍വം പ്രയോജനപ്പെടുത്തുന്നവരും ദുരുപയോഗംചെയ്യുന്നവരുമുണ്ട്. നിയന്ത്രണം നഷ്ടമാകുമ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്. കുട്ടികള്‍ അവരുടേതായ ലോകത്തേക്ക് മാറുന്നു. ചലനാത്മകമായ ഒരുസമൂഹം പുറത്തുണ്ടെന്നത് വിസ്മരിച്ച് യാന്ത്രികമായ ഒരിടത്ത് അവര്‍ എത്തിപ്പെടുന്നു.
രക്ഷിതാവ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കുകയും ചാര്‍ജുചെയ്യാന്‍ പണം നല്‍കാതിരിക്കുകയും ചെയ്തപ്പോള്‍ പതിനാലുകാരന്‍ പ്രകൃതിവിരുദ്ധമായ മാര്‍ഗത്തിലൂടെ അതിനുള്ള വഴികണ്ടെത്തിയത് സമീപകാലത്താണ്.
ആഡംബരങ്ങളോടുള്ള ബാല്യത്തിന്റെ അമിതമായ താത്പര്യവും മിക്കപ്പോഴും എത്തിച്ചേരുന്നത് കണ്ണീരിലാണ്. വീട്ടിലെ കലുഷിതമായ സാഹചര്യവും പിതാവിന്റെ മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും കുട്ടികളെ മാനസികമായി തളര്‍ത്തുന്നുണ്ട്. കുട്ടിയും മാതാപിതാക്കളും ഒരുമിച്ചിരിക്കുന്നതുതന്നെ അപൂര്‍വമായ വീടുകളുണ്ട്. തന്റെ വിഷമങ്ങള്‍കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് പെണ്‍കുട്ടികള്‍ നൈമിഷികമായ ബന്ധങ്ങളിലേക്ക് വീഴുന്നത്. അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടുന്നതും കാണാതിരുന്നുകൂട. 2014ല്‍ 13 കുഞ്ഞുങ്ങളെയാണ് ജില്ലയില്‍ സാമൂഹികനീതിവകുപ്പിന് ഇത്തരത്തില്‍ ലഭിച്ചത്. ഈവര്‍ഷം നാലുകുഞ്ഞുങ്ങളെയും ലഭിച്ചിട്ടുണ്ട്.
വീട്ടില്‍നിന്ന് പുറന്തള്ളപ്പെടുന്ന ആണ്‍കുട്ടികളാകട്ടെ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വഴിയിലേക്കുമാണ് എത്തുന്നത്. അനധികൃത മണല്‍ക്കടത്തിന് എസ്‌കോര്‍ട്ടുപോകാനും പോലീസ് എത്തുന്നതിന്റെ വിവരമറിയിക്കാനും തുടങ്ങി ലഹരിസാധനങ്ങളുടെ വില്പനയ്ക്കുവരെ അവര്‍ ഉപയോഗിക്കപ്പെടുന്നു. ചെറുപ്പത്തിലേനടത്തുന്ന നിയമലംഘനങ്ങളും അനധികൃതമായി സമ്പാദിക്കുന്ന പണവും ഇവരെ സാമൂഹികമായി യാതൊരു കടപ്പാടുമില്ലാത്തവരാക്കി മാറ്റുന്നു. ചെറിയപ്രായത്തിലുള്ള കുട്ടികള്‍ പ്രായത്തില്‍മുതിര്‍ന്ന അന്യരുമായി പരിധിയില്‍കൂടുതലുണ്ടാകുന്ന സൗഹൃദവും ദുശ്ശീലങ്ങളുടെ പാഠശാലയാകുന്നുണ്ട്.
തെറ്റായ സന്ദേശം നല്‍കാന്‍ അധ്യാപകരും
വിദ്യാര്‍ഥികളുടെ സ്വഭാവരൂപവത്കരണത്തില്‍ അധ്യാപകരുടെ പങ്കും പ്രധാനമാണ്. കുട്ടിയില്‍വരുന്ന ചെറിയ മാറ്റംപോലും അവര്‍ക്ക് അറിയാന്‍കഴിയും. അവര്‍ക്കുനേരെ നടക്കുന്ന ലൈംഗികമായ അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നതും അധ്യാപകരാണ്. എന്നാല്‍ ഇതിനപവാദമാകുന്നവരും ഉണ്ട്. സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ചട്ടം. എന്നാല്‍ ക്ലാസ്മുറികളില്‍ ഫോണുമായി എത്തുന്ന അധ്യാപകരുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇയര്‍ഫോണ്‍ തിരുകി പാട്ടുംകേട്ട് ക്ലാസെടുക്കാനെത്തുന്ന ന്യൂജനറേഷന്‍ ഇനങ്ങളും ഉണ്ട്. കുട്ടികളില്‍നിന്നുണ്ടാകുന്ന ചെറിയ തെറ്റിനെപ്പോലും പര്‍വതീകരിക്കുകയും മറ്റുവിദ്യാര്‍ഥികളുടെ മുന്നില്‍നിര്‍ത്തി ശകാരിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഗുണത്തേക്കാളേറെ ദോഷമാണ് അതുണ്ടാക്കുന്നത്.
