Crime News

കഞ്ചാവും ക്വട്ടേഷനുമായി 'കാട്ടിലെ പിള്ളേര്‍': തൊടാന്‍ പോലീസിനും പേടി

Posted on: 29 Mar 2015


കൊച്ചി: കൊച്ചി നഗരത്തില്‍ കഞ്ചാവ് വില്പന നടത്താന്‍ 'കാട്ടിലെ പിള്ളേര്‍' എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗ്രൂപ്പും. പച്ചാളം, വടുതല, ചിറ്റൂര്‍ മേഖല കേന്ദ്രമാക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്.

15 മുതല്‍ 30 വയസ്സ് വരെയുള്ള ആണ്‍കുട്ടികളാണ് സംഘത്തിലുള്ളത്. പ്രായമനുസരിച്ച് കാട്ടിലെ പിള്ളേര്‍ ജൂനിയര്‍ എന്നും സീനിയര്‍ എന്നും തിരിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്പന കൂടാതെ ക്വട്ടേഷന്‍ പണിയും ഗ്രൂപ്പ് ഏറ്റെടുക്കാറുണ്ട്. വാഹന ഇടപാടുകളാണ് ഇവരുടെ മറ്റൊരു തൊഴില്‍. പാടം നികത്താനും മറ്റും ഇവര്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നുണ്ട്.

എറണാകുളം നോര്‍ത്ത് പോലീസിനും ചേരാനെല്ലൂര്‍ പോലീസിനും ഇവരെക്കുറിച്ച് വ്യക്തമായ വിവരമുണ്ട്. എന്നാല്‍ ഇവരെ തൊടാന്‍ പോലീസ് ഭയക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരു പ്രമുഖ യുവജന സംഘടനയുടെ പിന്തുണയോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇതേ ചൊല്ലി യുവജന സംഘടനയ്ക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതകളുണ്ട്. അടുത്തിടെ ഇവിടെ ബസ് തകര്‍ത്ത് കത്തിച്ച സംഭവത്തിലും ഈ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

ബൈക്കുകളിലും സ്‌കൂട്ടറുകളിലുമായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിക്കുന്ന നിരവധിേപര്‍ ഇക്കൂട്ടത്തിലുണ്ട്. നഗരത്തിലും പരിസരത്തും മാത്രമല്ല, ചിറ്റൂര്‍, ചേരാനെല്ലൂര്‍, മുളവുകാട്, വൈപ്പിന്‍, കോതാട്, വരാപ്പുഴ, കൂനമ്മാവ്, മഞ്ഞുമ്മല്‍ മേഖലകളിലും ഇവര്‍ കഞ്ചാവ് എത്തിക്കുന്നുണ്ട്.

ഇവരില്‍ ചിലരെ അടുത്തിടെ എക്‌സൈസ്-പോലീസ് അധികൃതര്‍ പിടിച്ചെങ്കിലും അന്വേഷണം ഗ്യാങ്ങിലേക്ക് എത്തിയില്ല.
മേഖലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന. ഇതിന് വിദ്യാര്‍ത്ഥികളെ തന്നെ ഏജന്റുമാരായി കണ്ടെത്തുകയാണ് ചെയ്യുന്നത്.

ചില പെണ്‍കുട്ടികളും ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ട്. കൗണ്‍സലിങ്ങില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട് .

കണ്ടെയ്‌നര്‍ റോഡ് കഞ്ചാവ് വില്പനയുടെയും ഉപയോഗത്തിന്റെയും പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്. ചേരാനെല്ലൂരിലും മറ്റും അണ്ടര്‍ പാസേജുകളില്‍ ചെറുപ്പക്കാര്‍ കൂട്ടുകൂടി കഞ്ചാവ് വലിക്കുന്നതായി പരാതിയുണ്ട്. വലിയമ്പലത്തിന്റെ പരിസരത്തുള്ള ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്.

 

 




MathrubhumiMatrimonial