Crime News

ഷിഹാബ് വധം: ആര്‍.എസ്.എസ്സിന്റെ ഗൂഢാലോചനയെന്ന് കോടിയേരി

Posted on: 28 Mar 2015



പാവറട്ടി: ആര്‍.എസ്.എസ്. ഉന്നത നേതൃത്വം ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്തതാണ് ഷിഹാബിന്റെ കൊലപാതകമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലപ്പെട്ട ഷിഹാബിന്റെ തിരുനെല്ലൂരിലെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ മുഴുവന്‍ പേരെയും ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഫലപ്രദമായ അന്വേഷണം ഇതിനാവശ്യമാണ്. കഴിഞ്ഞദിവസം പഴുവിലില്‍ ജനതാദള്‍ (യു) പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പിന്നിലും ആര്‍.എസ്.എസ്സിനു പങ്കുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിക്കുന്നില്ല. യു.ഡി.എഫിന്റെ തണലിലാണ് ബി.ജെ.പി. ആക്രമണം നടത്തുന്നത്. ബി.ജെ.പി.യെ നേരിടാന്‍ യു.ഡി.എഫിന് കഴിയുന്നില്ല.

ആര്‍.എസ്.എസ്സിന്റെ ആക്രമണങ്ങളില്‍നിന്ന് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, സംസ്ഥാനകമ്മിറ്റി അംഗം എന്‍.ആര്‍. ബാലന്‍, ജില്ലാസെക്രട്ടേറിയറ്റംഗം മുരളി പെരുനെല്ലി, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., മണലൂര്‍ ഏരിയാ സെക്രട്ടറി ടി.വി. ഹരിദാസന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു. ഷിഹാബിന്റെ മക്കളായ സിയാനെയും ഷിയാനയെയും അദ്ദേഹം സമാശ്വസിപ്പിച്ചു.

 

 




MathrubhumiMatrimonial