Crime News

പുള്ളിമാന്‍വേട്ട: വനപാലകര്‍ തെളിവെടുത്തു

Posted on: 28 Mar 2015


മമ്പാട്: നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസ് പരിധിയിലെ വനമേഖലയില്‍നിന്ന് പുള്ളിമാനിനെ വേട്ടയാടിയ കേസില്‍ വനപാലകര്‍ കൂടുതല്‍ തെളിവെടുപ്പുനടത്തി. റിമാന്‍ഡില്‍ കഴിയുന്ന പ്രതി കാളികാവ് തൊണ്ടിയില്‍ സൈഫുദ്ദീനെ (കാളിമുത്തു-26) കസ്റ്റഡിയില്‍ വാങ്ങിയാണ് കാളികാവ് റെയ്ഞ്ച്ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ തെളിവെടുപ്പുനടത്തിയത്.

മുട്ടിക്കടവ് ഫാമിനടുത്ത വനഭൂമിയില്‍നിന്നാണ് പുള്ളിമാനിനെ വേട്ടയാടിയതെന്ന് ഇയാള്‍ മൊഴിനല്‍കി. ഇതുപ്രകാരം വനപാലകര്‍ സൈഫുദ്ദീനെയുംകൊണ്ട് ഇവിടെ തെളിവെടുപ്പുനടത്തി. വെടിവെച്ചത് സൈഫുദ്ദീന്‍ തന്നെയാണെന്നും വനപാലകര്‍ പറഞ്ഞു. ഈസമയം മറ്റു പ്രതികള്‍ കൂടെയുണ്ടായിരുന്നു. തോക്ക് സൈഫുദ്ദീന്റേതുതന്നെയാണെന്നും മൊഴിനല്‍കിയിട്ടുണ്ട്. ഈയിടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ പന്നിപ്പാറയിലെ കൊല്ലപ്പണിക്കാരന്‍ മൊറയൂര്‍ രാജനില്‍നിന്നാണ്‌ േതാക്ക് വാങ്ങിയതെന്നുപറയുന്നു.

മാന്‍വേട്ടക്കേസില്‍ പ്രതിയായ പുള്ളിപ്പാടം സ്വദേശി മജീദിന്റെ കൈവശമാണ് ഇപ്പോള്‍ തോക്കെന്നും ഇയാള്‍ വനപാലകര്‍ക്ക് മൊഴിനല്‍കി. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ 11ന് പുലര്‍ച്ചെയാണ് പുള്ളിമാനിനെ വേട്ടയാടി ഓട്ടോറിക്ഷയില്‍ കയറ്റാന്‍ ശ്രമിച്ചത്. എടവണ്ണ കുണ്ടുതോടില്‍ പോലീസ് പിന്തുടര്‍ന്നതോടെ സംഘം ഓട്ടോറിക്ഷ ഉപേക്ഷിച്ച് കടന്നു. ഓട്ടോറിക്ഷയില്‍നിന്ന് മാനിന്റെ ജഡവും തോക്കിന്‍തിരയും കത്തിയും പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെയാണ് വനം വന്യജീവി സംരക്ഷണനിയമപ്രകാരവും ആയുധനിയമപ്രകാരവും കേസെടുത്തത്. കേസില്‍ നാലുപേരെക്കൂടി പിടികൂടാനുണ്ട്.

 

 




MathrubhumiMatrimonial