
ദീപക് വധം: ഒമ്പത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Posted on: 28 Mar 2015

ചേര്‍പ്പ്: ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ദീപക്കിന്റെ വധവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ്. മുഖ്യശിക്ഷക് താന്ന്യം പെരിങ്ങോട്ടുകര സഹോദരവീഥി വഴിയില്‍ മരോട്ടിക്കല്‍ എം.എസ്. ഋഷികേശ് (24), മുറ്റിച്ചൂര്‍ പടിയം കൂട്ടാലവീട്ടില്‍ കെ.യു. നിജില്‍ (കുഞ്ഞാപ്പു - 19), കണ്ടശ്ശാംകടവ് താനാപാടം തെക്കേക്കര ദേശത്ത് കൊച്ചത്ത് വീട്ടില്‍ കെ.പി. പ്രശാന്ത് (കൊച്ചു - 25), ഗുരുവായൂര്‍ കോട്ടപ്പടി പിള്ളക്കാട് പൂക്കോട് പ്ലൂക്കില്‍ വീട്ടില്‍ രശാന്ത് (23), താന്ന്യം പെരിങ്ങോട്ടുകര കരുവാന്‍കുളം റോഡില്‍ വാലപറമ്പില്‍ വീട്ടില്‍ വി.പി. ബ്രഷ്‌നോവ് (23), വി.എച്ച്.പി. തൃപ്രയാര്‍ താലൂക്ക് വൈസ് പ്രസിഡന്റ് പെരിങ്ങോട്ടുകര മൂത്തേടത്തറ തറയില്‍വീട്ടില്‍ ശിവദാസന്‍ (ശിവന്‍- 43), മുറ്റിച്ചൂര്‍ പടിയം മാമ്പുള്ളി വീട്ടില്‍ രാഗേഷ് (മന്നാടി എം.ആര്‍.- 36), ചാഴൂര്‍ എസ്.എന്‍. റോഡ് കുരുതുകുളങ്ങര വീട്ടില്‍ ബൈജു കെ.എസ്. (21), കാട്ടൂര്‍ പഞ്ചായത്ത് ബി.ജെ.പി. പ്രസിഡന്റ് കരാഞ്ചിറ മുനയം വിയ്യത്ത് വീട്ടില്‍ സരസന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതിയായ പെരിങ്ങോട്ടുകര ശിപായിമുക്ക് കാരയില്‍ വീട്ടില്‍ സനന്ദ് ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആറ് വര്‍ഷം മുമ്പ് ബി.ജെ.പി.യില്‍നിന്ന് രാജിവെച്ച് ജനതാദളില്‍ ചേര്‍ന്നതാണ് ദീപക്. ആര്‍.എസ്.എസ്സിനും ബി.ജെ.പി.ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ദീപക് നേതൃത്വം നല്‍കുന്നുവെന്നുള്ള ധാരണയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ജനതാദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ വി.എച്ച്.പി. നേതാവ് ശിവദാസനാണ് ദീപക്കിനെ വധിക്കാന്‍ പദ്ധതിയിട്ടത്.
മാസങ്ങള്‍ നീണ്ട ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനും ഒടുവിലായിരുന്നു ഓപ്പറേഷന്‍. ഇതിനായി മൂന്ന് സംഘങ്ങളെ തയ്യാറാക്കി. 45,000 രൂപയ്ക്ക് ഒളരിയില്‍നിന്ന് ഓമ്‌നി വാന്‍ വാങ്ങി. ശിവദാസന്‍ നല്‍കിയ മൂന്ന് വാളുകളും കത്തികളും ഋഷികേശ് പി.വി.സി. പൈപ്പുകൊണ്ട് കവറുണ്ടാക്കി സൂക്ഷിച്ചു.
കത്തികുത്തുന്നതില്‍ പരിശീലനം നടത്തിയശേഷം നിജിലും പ്രശാന്തും മാര്‍ച്ച് 24ന് വൈകീട്ട് ആറു മണിയോടെ ദീപക്കിന്റെ റേഷന്‍കട പരിസരത്ത് ആയുധം സഹിതം എത്തി നീക്കങ്ങള്‍ പരിശോധിച്ചു. ബ്രഷ്‌നോവ് ഡ്രൈവറായി. രശാന്തും ഋഷികേശും വാളുകള്‍ സഹിതം ഓമ്‌നി വാനില്‍ കുറച്ചകലെ കാത്തുകിടന്നു. വിവരങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്തു. വാന്‍ ദീപക്കിന്റെ അരികെ വന്നയുടനെ നിജിലും പ്രശാന്തും ദീപക്കിന്റെയരികില്‍ എത്തി. നിജില്‍ ആണ് ദീപക്കിന്റെ കഴുത്തില്‍ ആദ്യം കുത്തിയത്. മുഖംമൂടി ധരിച്ചെത്തിയ രശാന്തും ഋഷികേശും വാളുകൊണ്ട് വെട്ടി. തടയാന്‍ ശ്രമിച്ച ദീപക്കിന്റെ കൂട്ടുകാരെയും വെട്ടിപ്പരിക്കേല്പിച്ചു.
ഓമ്‌നി വാനില്‍ രക്ഷപ്പെട്ട സംഘം വാന്‍ ഉപേക്ഷിച്ച് കാട്ടൂര്‍ ഭാഗത്ത് ബൈജു കൊണ്ടുവന്ന കാറില്‍ രക്ഷപ്പെട്ടു. ആയുധങ്ങള്‍ അവിടെ കാത്തുനിന്ന ബൈജുവിനെ ഏല്പിച്ചു. രാഗേഷിന്റെ വേലൂരിലുള്ള സുഹൃത്തിന്റെ പാടത്ത് ഇരുന്ന് മദ്യപിച്ചശേഷം രാത്രി ഒരു മണിയോടെ പൊള്ളാച്ചിയിലേക്ക് പോയി. അന്വേഷണസംഘം പിന്തുടരുന്നതറിഞ്ഞ് കൊടൈക്കനാലിലേക്ക് കാറില്‍ പോയി. തിരിച്ച് എറണാകുളത്തേക്ക് മറ്റൊരു ഒളിസങ്കേതത്തിലേക്ക് പോകുന്നതിനിടെ മണ്ണുത്തിയില്‍വെച്ചാണ് പോലീസിന്റെ പിടിയിലായത്.
ആയുധങ്ങള്‍ വാങ്ങിയ ബൈജുവിനെ ബൈക്കില്‍ സഞ്ചരിക്കവെ ആലപ്പാട് പുള്ളില്‍നിന്ന് പിടികൂടി. ബൈജുവില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ച് ആയുധങ്ങള്‍ ഏല്പിച്ചത് കാട്ടൂരിലെ സരസന്‍ എന്നയാള്‍ക്കാണെന്ന് അറിഞ്ഞു. കരാഞ്ചിറയില്‍നിന്ന് സരസനെയും പിടികൂടി. ആയുധങ്ങള്‍ മുനയം ബണ്ടിലുള്ള പുഴയില്‍നിന്ന് കണ്ടെത്തി. ഋഷികേശ്, ബ്രഷ്‌നോവ്, ശിവദാസന്‍, ബൈജു, നിജില്‍, സരസന്‍, രശാന്ത് എന്നിവര്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ തല്ലുകേസുകളുണ്ട്.
തൃശ്ശൂര്‍ പോലീസ് ചീഫ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പത്രസമ്മേളനം. ചേര്‍പ്പ് സിഐ കെ.സി. സേതു, എസ്.ഐ. വിജയരാജന്‍, എം.പി. മുഹമ്മദ്‌റാഫി, സലിം, പി.സി. സുനില്‍, പ്രതാപന്‍, ഹരി, േഗാപകുമാര്‍, ലിജു, അനന്തകൃഷ്ണന്‍, അഭിലാഷ്, ജോബി, ധനേഷ്, രാജേഷ്, ഡാനി എന്നിവരടങ്ങിയ പോലീസാണ് കേസന്വേഷിച്ചത്.
