Crime News

ഡോക്ടറെന്ന വ്യാജേന കല്യാണം കഴിച്ചു; യുവാവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Posted on: 27 Mar 2015


തലശ്ശേരി: ഡോക്ടറെന്ന വ്യാജേന കല്യാണം കഴിച്ച് വഞ്ചിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുക്കാന്‍ തലശ്ശേരി കുടുംബകോടതി ശുപാര്‍ശ. കോഴിക്കോട് സ്വദേശിയായ ഡോ.റോഷ്‌നയുടെ പരാതിയിലാണ് നടപടി.

യുവതിക്ക് വിവാഹമോചനം അനുവദിച്ചു. വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ധര്‍മടം സ്വദേശിയായ യുവാവിനെതിരെ ക്രിമിനല്‍ നടപടി 340 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ജഡ്ജി അബ്ദുള്‍സത്താര്‍ തുടര്‍നടപടിക്കായി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റി. 2011 ഏപ്രില്‍ ഒന്‍പതിനാണ് ഇരുവരും വിവാഹിതരായത്. വിവാഹ സമയത്ത് 165 പവനും പിന്നീട് നാല് ലക്ഷം രൂപയും യുവാവിന് നല്കിയതായാണ് പരാതി. ബിരുദാനന്തര ബിരുദത്തിന് പഠനത്തിനെന്ന് പറഞ്ഞാണ് തുക വാങ്ങിയത്. എന്നാല്‍ യുവാവ് ഡോക്ടറല്ലെന്നറിഞ്ഞ യുവതി തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ സ്ത്രീപീഡനത്തിന് കേസ് നല്കി. യുവാവ് വിവാഹമോചനത്തിന് കുടുംബകോടതിയിലും ഹര്‍ജി നല്കി. പിന്നിട് യുവതി വിവാഹസമയത്ത് നല്കിയ സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടി കുടുംബകോടതിയില്‍ ഹര്‍ജി നല്കി.

ബാംഗ്ലൂര്‍ ബി.ആര്‍. അംബേദ്കര്‍ മെഡിക്കല്‍ കോളേജില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതായി യുവാവ് കോടതിയില്‍ രേഖ ഹാജരാക്കി. ഇതേത്തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിനെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി അപേക്ഷ നല്കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശിവകുമാറിനെ വിസ്തരിച്ചപ്പോള്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. അതിനാലാണ് യുവാവിനെതിരെ നടപടിക്ക് കോടതി ശുപാര്‍ശ ചെയ്തത്.

കോടതി നിര്‍ദേശപ്രകാരം യുവാവിന്റെ ലോക്കര്‍ പരിശോധിച്ചപ്പോള്‍ 150 പവന്‍ സ്വര്‍ണം കണ്ടെത്തി. അവയില്‍ യുവതിയുടെ സ്വര്‍ണം കേസിന്റെ വിചാരണവേളയില്‍ നല്കി. യുവാവ് വാങ്ങിയ നാല് ലക്ഷം രൂപ ആറു ശതമാനം പലിശ സഹിതം നല്കാന്‍ കോടതി ഉത്തരവായി. യുവതിക്കുവേണ്ടി അഡ്വ.എന്‍. ഭാസ്‌കരന്‍ നായര്‍, അഡ്വ.പി.പ്രേമരാജന്‍ എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial