Crime News

സമുദായസംഘര്‍ഷം: രണ്ടാംപ്രതി 24 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

Posted on: 25 Mar 2015


പാലക്കാട്: 1991 ഡിസംബറില്‍ പാലക്കാട്ടുണ്ടായ സമുദായസംഘര്‍ഷങ്ങളോടനുബന്ധിച്ച കേസിലെ രണ്ടാംപ്രതിയെ 24 വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പൂളക്കാട് കരീംനഗര്‍ സെയ്തുപ്പ മന്‍സിലില്‍ സലീമിനെയാണ് (ബുള്ളറ്റ് സലീം-57) ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശശികുമാറും സംഘവും അറസ്റ്റുചെയ്തത്.

പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നീസ എന്ന പെണ്‍കുട്ടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്നുണ്ടായ അതിക്രമങ്ങളില്‍ കട കൊള്ളയടിക്കുകയും വാണിജ്യസ്ഥാപനങ്ങള്‍ കത്തിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. മതസ്പര്‍ധയുണ്ടാക്കിയെന്നതാണ് 153 എ വകുപ്പുപ്രകാരം സലീമിനെതിരെയുള്ള കേസെന്ന് പോലീസ് പറഞ്ഞു.

പിന്നീട് മൈസൂര്‍, ആന്ധ്ര, കോയമ്പത്തൂര്‍ ഭാഗങ്ങളിലായി മോട്ടോര്‍സൈക്കിളുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വില്‍ക്കുന്ന ജോലിയുമായി കഴിയുകയായിരുന്നു സലീം. അമ്പതോളം പ്രതികളുണ്ടായിരുന്ന കേസില്‍ 21 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം സലീം പൂളക്കാട്ട് എത്തിയതായി പോലീസിന് വിവരംലഭിച്ചിരുന്നു. കോടതി പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.

 

 




MathrubhumiMatrimonial