Ramzan Banner

വാര്‍ത്താവിനിമയത്തിലെ ഖുര്‍ആനിക ഇടപെടല്‍

Posted on: 05 Sep 2009

ഹംസ റഹ്മാനി കൊണ്ടിപറമ്പ്‌



'ഓ വിശ്വാസികളേ, ഏതെങ്കിലും ദുഷ്ടമാനസന്‍ നിങ്ങളിലേക്ക് വല്ല വാര്‍ത്തയുമായി വന്നാല്‍, അറിവില്ലായ്മയിലൂടെ ഒരു ജനതയെ നിങ്ങള്‍ അപായപ്പെടുത്താതിരിക്കാനും അതുമൂലം ഖേദത്തിലാകാതിരിക്കാനും അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കുക.' (വി:ഖു: 49:6)
ശാന്തിയും സമാധാനവും സ്‌നേഹവും നിറഞ്ഞുനില്‍ക്കുന്ന സമൂഹത്തിന്റെ നിലനില്‍പിനുവേണ്ടിയുള്ള വിശുദ്ധഗ്രന്ഥത്തിന്റെ ഒരു നിര്‍ദ്ദേശമാണിത്. ഹിജ്‌റയുടെ നാലാം വര്‍ഷം കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ച ബനൂമുസ്വ്ത്വലക്ക് ഗോത്രക്കാരും പ്രമുഖ പ്രവാചകശിഷ്യന്‍ വലീദ്ബ്‌നു ഉഖ്ബയുമായുണ്ടായ ഒരു പ്രശ്‌നമാണ് ഈ വിശുദ്ധവാക്യത്തിന്റെ അവതരണകാരണം. ബനൂമുസ്വ്ത്വലക്കുകാരില്‍ നിന്ന് സകാത്ത് (നിര്‍ബന്ധദാനം) സ്വീകരിക്കാനായി പ്രസ്തുത ശിഷ്യനെയാണ് പ്രവാചകന്‍ നിയോഗിച്ചത്. പക്ഷെ, താനുമായി പൂര്‍വ്വകാലവൈരാഗ്യം നിലനിന്നിരുന്ന അവരിലേക്ക് ചെല്ലാന്‍ അദ്ദേഹം ധൈര്യപ്പെട്ടില്ല. മദീനയില്‍ നിന്ന് പുറപ്പെട്ടെങ്കിലും കടുത്ത ആശങ്കകാരണം വഴിമധ്യേ മടങ്ങി. അവര്‍ തന്നെ കൊലപ്പെടുത്താന്‍ ഉദ്യമിക്കുകയും സകാത്ത് നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു എന്നാണ് പ്രവാചകരോട് കാരണം പറഞ്ഞത്.
മതനിര്‍ദ്ദേശത്തോട് ധിക്കാരസമീപനം പുലര്‍ത്തിയവരെന്ന നിലയില്‍ പ്രവാചകന്‍ അവരോട് യുദ്ധത്തിനൊരുങ്ങി. നീക്കങ്ങളറിഞ്ഞ ഗോത്രക്കാര്‍ പ്രവാചകനുമായി ബന്ധപ്പെട്ട് വസ്തുത ബോധ്യപ്പെടുത്തി. അവരുടെ വാക്കുകള്‍ സത്യസന്ധമാണെന്ന് ഉറപ്പുവരുത്തിയ പ്രവാചകന്‍ യുദ്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍ നിഷ്‌കപടനായ ഒരു വിശ്വാസിയുമായി ബന്ധപ്പെട്ട കാര്യമായിട്ടുപോലും വിശുദ്ധഖുര്‍ആന്‍ പരാമര്‍ശങ്ങളില്‍ ഒരു മാര്‍ദ്ദവവും കാണിച്ചില്ല. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭവിഷ്യത്ത് സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
വാര്‍ത്താവിനിമയ സൗകര്യങ്ങളും മാധ്യമസ്വാധീനങ്ങളും ഏറെ വിപുലമായ പുതിയകാലത്ത് ഈ ഖുര്‍ആനിക പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ച് നമ്മെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍.
സാമൂഹ്യദ്രോഹികളും ദുഷ്ടമാനസരും എപ്പോഴും കുഴപ്പങ്ങള്‍ക്ക് വിത്തുപാകാറുള്ളത് കുപ്രചരണങ്ങളിലൂടെയാണ്. അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച് സമൂഹത്തിന്റെ സൈ്വരജീവിതം തകര്‍ക്കാന്‍ അവരതിനെ ആയുധമാക്കുന്നു.
ഏതു വിവരവും വിനിമയം ചെയ്യപ്പെടുന്നതിന് മുമ്പ് വിശകലനത്തിന് വിധേയമാക്കണമെന്നതാണ് ഖുര്‍ആനിന്റെ താല്‍പര്യം.
ഏഷണി, പരദൂഷണ ഗണങ്ങളില്‍പെടുന്ന ഇവയെ ഖുര്‍ആനും മുഹമ്മദ് നബിയും കഠിനമായി വിമര്‍ശിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, വ്രതചൈതന്യത്തിന് മാരകമുറിവേല്‍പിക്കുന്ന ഘടകങ്ങളിലൊന്നായാണ് നബിതിരുമേനി ഇതിനെ പരിചയപ്പെടുത്തിയത്.
വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഗൗരവത്തെകുറിച്ച് പിന്നെ ചര്‍ച്ച ചെയ്യാനുമില്ല. സാമൂഹിക ജീവിതത്തിലെ സ്വസ്ഥതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണിവിടെ ഖുര്‍ആന്‍.
കാള പെറ്റെന്ന് കേട്ടപാടെ കയറെടുത്തോടുന്ന സ്വഭാവം മണ്ടത്തരമാണ്. പലപ്പോഴും അത്യാപത്തിനും അത് കാരണമായേക്കും. തുടര്‍ന്ന് അപരിഹാര്യമായ നഷ്ടങ്ങള്‍ക്കും നിത്യദുഖത്തിനും. അതിനാല്‍ ലഭ്യമായ ഏത് വിവരങ്ങളുടെയും സ്രോതസ്സ് കണ്ടെത്തുക. വിശ്വസനീയമെന്ന് ഉറപ്പുവരുത്തുക. വിനിമയം ചെയ്യുന്നതിലെ ഗുണ-ദോഷങ്ങളെ വിലയിരുത്തുക. വിശുദ്ധഗ്രന്ഥം ഉപദേശിക്കുന്നു.





MathrubhumiMatrimonial