Crime News

അറസ്റ്റിലായത് സംസ്ഥാനത്തികത്തും പുറത്തും വന്‍കവര്‍ച്ച നടത്തിയ മോഷ്ടാവ്‌

Posted on: 22 Mar 2015


കുട്ടിക്കുറ്റവാളി റിമാന്‍ഡില്‍


കാഞ്ഞങ്ങാട്:
അറസ്റ്റിലായത് 17-കാരനാണ്. എന്നാല്‍, അവന്‍ നടത്തിയ കവര്‍ച്ചകേട്ട് പോലീസ് തന്നെ ഞെട്ടി. സംസ്ഥാനത്തിനകത്തും പുറത്തും വലിയ കവര്‍ച്ച നടത്തുകയും ഒന്നിലേറെ തവണ പോലീസിന്റെ പിടിയിലകപ്പെടുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടാണ് കുട്ടിമോഷ്ടാവിനെ ചോദ്യംചെയ്തപ്പോള്‍ പുറത്തുവന്നത്. താമരശ്ശേരിക്കാരനായ കുട്ടിമോഷ്ടാവിനെ ഹൊസ്ദുര്‍ഗ് പോലീസാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍നിന്ന് 18 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് അറസ്റ്റിലായി കുറ്റിപ്പുറം ജുവനൈല്‍ ഹോമില്‍നിന്ന് ജനല്‍ക്കമ്പി വളച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞമാസം കോഴിക്കോട് നടക്കാവിലെ ട്രാവല്‍ ഏജന്റ്‌സ് സ്ഥാപനം കുത്തിത്തുറന്ന് 15 ലക്ഷം കവര്‍ന്നു. പിന്നീട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെത്തി ചെറിയ മോഷണങ്ങള്‍ പലതും നടത്തി. മംഗലാപുരത്തും മുംബൈയിലും മോഷണം നടത്തിയായതായ വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. മോഷ്ടിച്ച പണം ഗോവയിലും മുംബൈയിലുമെത്തി ചെലവഴിക്കുകയാണ് പതിവ്. ദിവസങ്ങള്‍ നീളുന്ന ആഢംബരജീവിതം. പണം തീര്‍ന്നാല്‍ വീണ്ടും മോഷണം. കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്ത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഹോസ്ദുര്‍ഗ് പോലീസിന്റെ പിടിയിലാകുന്നത്. കാസര്‍കോട് ജുവനൈല്‍കോടതി മോഷ്ടാവിനെ റിമാന്‍ഡ് ചെയ്തു. കുട്ടിമോഷ്ടാവിന് സഹായികളായി ആരെങ്കിലുമുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേഷ നല്കും. കൂടുതല്‍ ചോദ്യംചെയ്താല്‍ പല കവര്‍ച്ചകളുടെയും തുമ്പ് കിട്ടിയേക്കുമെന്നാണ് പോലീസ് കരുതുന്നത്

 

 




MathrubhumiMatrimonial