Crime News

മോഷണക്കേസ് പ്രതി 'കാപ്പ' പ്രകാരം ജയിലില്‍

Posted on: 22 Mar 2015


പെരിന്തല്‍മണ്ണ: കാപ്പനിയമപ്രകാരം പെരിന്തല്‍മണ്ണയില്‍ കഞ്ചാവ്, മോഷണക്കേസുകളിലെ പ്രതിയെ അറസ്റ്റുചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പള്ളിപ്പുറത്തുവീട്ടില്‍ മുഹമ്മദലി (ആലിപ്പു-37) യെയാണ് റിമാന്‍ഡ്‌ചെയ്തത്. കളക്ടറുടെ ഉത്തരവിന്‍പ്രകാരമാണ് നടപടി.

പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം പോലീസ്സ്‌റ്റേഷനുകളിലും മഞ്ചേരി, മണ്ണാര്‍ക്കാട് എക്‌സൈസ് ഓഫീസുകളിലും മലപ്പുറം ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍സ്‌ക്വാഡ് എന്‍ഫോഴ്‌സ്‌മെന്റിലും പ്രതിക്കെതിരെ കഞ്ചാവ് കേസുകളുണ്ട്. പെരിന്തല്‍മണ്ണ, മഞ്ചേരി പോലീസ്സ്‌റ്റേഷനുകളില്‍ മോഷണക്കേസുകളും പ്രതിക്കെതിരെ ഉണ്ടായിരുന്നു.

കഴിഞ്ഞമാസം പെരിന്തല്‍മണ്ണയില്‍വെച്ച് സി.ഐ കെ.എം. ബിജു, എസ്.ഐ സി.കെ. നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡോ പോലീസ് രണ്ടുകിലോ കഞ്ചാവുമായി മുഹമ്മദലിയെ പിടികൂടിയിരുന്നു. വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍കോടതിയുടെ ഉത്തരവുപ്രകാരം ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരവെയാണ് പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ്സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

 

 




MathrubhumiMatrimonial