Crime News

പോലീസുകാരെ കാറിടിച്ചുകൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

Posted on: 22 Mar 2015


മലപ്പുറം: പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. ചുള്ളിക്കോട് വറ്റല്ലൂര്‍ പുള്ളിയാലില്‍ വാഴയില്‍ ഉനൈസ് ബാബുവിനെ(34) വെള്ളിയാഴ്ച വൈകിട്ടാണ് പിടികൂടിയത്. കോഡൂര്‍ ഉമ്മത്തൂര്‍ പാലത്തിനുസമീപം ജോലിചെയ്തിരുന്ന പോലീസുകാരെ കാറിടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.

കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. മണല്‍ലോറിയുടെ വാടക നല്‍കുന്നില്ലെന്ന കോഡൂര്‍ സ്വദേശിയുടെ പരാതിപ്രകാരം വാഹനം പിടിച്ചെടുക്കാന്‍ ചെന്നതായിരുന്നു മലപ്പുറം സ്റ്റേഷനിലെ പോലീസുകാരായ ജിനേഷും ഉസ്മാനും. വണ്ടിയുമായി ഉമ്മത്തൂര്‍ പാലത്തിനടുത്തെത്തിയപ്പോള്‍ കാറിലും ബൈക്കിലുമായി വന്ന എട്ടോളം പേര്‍ തടഞ്ഞുവച്ച് പോലീസുകാരെയും ഉടമയെയും മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ലോറിയുടെ താക്കോല്‍ തട്ടിയെടുത്ത ഉനൈസ് ബാബുവും സംഘവും പോലീസുകാരുടെ ദേഹത്തേക്ക് കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചു. ഇരുവരും റോഡിന് വശത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ കൂട്ടുപ്രതിയായ മലപ്പുറം വലിയപറമ്പ് സ്വദേശി മുഹമ്മദ് സജീര്‍ (32) നേരത്തെ പിടിയിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

മറ്റുപ്രതികളായ കോഡൂര്‍ സ്വദേശികളായ കാന്തന്‍ ബാവ എന്ന ഷംനാദ്, തൗഫീഖ്, പറയരങ്ങാടി സ്വദേശി റഷീദ്, കൊളത്തൂര്‍ എരുമമംഗലം സ്വദേശി മാനുപ്പ, പള്ളിയാല്‍കുളം സ്വദേശി മുനീര്‍ എന്നിവര്‍ ഒളിവിലാണ്.

പിടിയിലായ ഉനൈസ് ബാബുവിന്റെ പേരില്‍ മലപ്പുറം, കൊളത്തൂര്‍ പോലീസ് സ്റ്റേഷനുകളില്‍ മണല്‍ മോഷണത്തിന് കേസുകളുണ്ട്. മങ്കട പോലീസ് സ്റ്റേഷനില്‍ വാഹനമിടപാടുമായി ബന്ധപ്പെട്ട് വഞ്ചനയ്ക്കും പാലക്കാട് ജില്ലയിലെ അഗളി, അട്ടപ്പാടി സ്റ്റേഷനുകളില്‍ മോഷണത്തിനും കേസുകള്‍ നിലവിലുണ്ട്. മലപ്പുറം എസ്.ഐ ത്രിലോകനാഥനും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ഉനൈസിനെ കോടതിയില്‍ ഹാജരാക്കി.

 

 




MathrubhumiMatrimonial