Crime News

മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍

Posted on: 22 Mar 2015



കോഴഞ്ചേരി: വാഹനത്തില്‍ ഒളിപ്പിച്ച മൂന്നരകിലോ കഞ്ചാവുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച വൈകീട്ട് ചെറുകോല്‍ കച്ചേരിപ്പടിയില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെപോയ മാരുതി കാറിനെ പോലീസ് പിന്തുടര്‍ന്ന് കോഴഞ്ചേരി ചീങ്കല്ലേല്‍മുക്കില്‍ വച്ച് പിടികൂടുകയായിരുന്നു.

വാഹന പരിശോധനയില്‍ കാറിന്റെ കാര്‍പ്പറ്റിനുള്ളില്‍ തമിഴ് പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ മൂന്നേകാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തു.

ഇതേതുടര്‍ന്ന് വാഹനത്തില്‍ സഞ്ചരിച്ചിരുന്ന വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സുഗന്ധിനിവാസില്‍ സ്റ്റാര്‍വിന്‍ (24), വണ്ടിപ്പെരിയാര്‍ പശുമല തൊഴുത്തില്‍ റോബിന്‍ (24), പീരുമേട് മഞ്ചിമല മല്ലശ്ശേരി ജോണ്‍ (23), പീരുമേട് ഡൈമുക്ക് അഞ്ചാലിക്കല്‍ ശിവകുമാര്‍ (24) എന്നിവരെയാണ് ആറന്മുള എസ്.ഐ. അശ്വിത് എസ്. കാരണ്‍മയിലും സംഘവും അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളായ റാന്നി, കോന്നി, പത്തനംതിട്ട, ആറന്മുള പ്രദേശങ്ങളില്‍ വില്‍ക്കാനായാണ് പൊതുമാര്‍ക്കറ്റില്‍ കിലോയ്ക്ക് 13000രൂപ വിലവരുന്ന കഞ്ചാവുമായി സംഘം എത്തിയതെന്നും പോലീസ് പറഞ്ഞു.

ആറന്മുള സി.ഐ. യെ ക്കൂടാതെ അഡീഷണല്‍ എസ്.ഐ. വി.എസ്. വില്‍സണ്‍, സി.പി.ഒ. മാരായ രാജന്‍, കൃഷ്ണകുമാര്‍, ഷൈജു, സുധീഷ് എന്നിവരും കഞ്ചാവ്‌വേട്ടയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial