Crime News

തടവുകാരെ കോടതിയിലെത്തിക്കാന്‍ എസ്‌കോര്‍ട്ട് അനുവദിക്കണം- മനുഷ്യാവകാശ കമ്മീഷന്‍

Posted on: 22 Mar 2015


കൊല്ലം: വിചാരണത്തീയതികളില്‍ തടവുകാരെ കൃത്യമായി കോടതിയിലെത്തിക്കുന്നതിന് ആവശ്യമായ പോലീസ് എസ്‌കോര്‍ട്ട് ജയിലുകളില്‍ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം (ജുഡീഷ്യല്‍) ആര്‍.നടരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

തടവുകാരെ ആസ്പത്രിയല്‍ കൊണ്ടുപോകുന്നതിനും യഥാസമയം പോലീസ് എസ്‌കോര്‍ട്ട് ലഭിക്കാറില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇത് നീതിനിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്.

കൊട്ടാരക്കര സബ്ജയില്‍ സന്ദര്‍ശിച്ചശേഷം കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ഉത്തരവിലാണ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിട്ടുള്ളത്. തങ്ങളെ കൃത്യമായി കോടതിയിലെത്തിക്കാന്‍ പോലീസ് എസ്‌കോര്‍ട്ട് ലഭിക്കാറില്ലെന്ന് തടവുകാരാണ് കമ്മീഷനോട് പരാതിപ്പെട്ടത്. എസ്‌കോര്‍ട്ട് ഇല്ലാത്തതിനാല്‍ ചില തടവുകാര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിയുന്നില്ല. സബ്ജയില്‍ സൂപ്രണ്ടും പരാതി ശരിയാണെന്ന് സമ്മതിച്ചു. തടവുകാര്‍ക്ക് നല്‍കുന്ന പ്രഭാത ഭക്ഷണത്തിന് റവ ആവശ്യാനുസരണം ലഭിക്കുന്നില്ലെന്നും ജയില്‍ അധികൃതര്‍ കമ്മീഷനെ അറിയിച്ചു.

തടവുകാര്‍ക്ക് ജയിലില്‍ ചികിത്സാ സൗകര്യം ലഭ്യമല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. നിയമസഹായം നല്‍കാന്‍ നിയമസഹായ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നില്ല.

തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സബ്ജയിലില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ കമ്മീഷന്‍ കൊട്ടാരക്കര താലൂക്ക് ആസ്പത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.
മൂന്ന് തടവുകാരുടെ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടായതായി കമ്മീഷന്‍ കണ്ടെത്തി. മൂന്നു കേസുകളും അടിയന്തരമായി തീര്‍പ്പാക്കുന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷന്‍ അറിയിച്ചു.

 

 




MathrubhumiMatrimonial