goodnews head

സ്വപ്നംപോലൊരു ആകാശയാത്ര....; ഇവര്‍ക്കിത് ആവേശയാത്ര

Posted on: 21 Mar 2015


അടൂര്‍: ദൂരെ ആകാശത്തില്‍ ഒഴുകിപ്പോകുന്ന കുഞ്ഞു വിമനങ്ങളെമാത്രം കണ്ടിരുന്ന അറുപത്തിയഞ്ചുകാരി ഏലിക്കുട്ടിക്കും സഹോദരി 59 കാരി കുഞ്ഞുകുഞ്ഞമ്മയ്ക്കും വ്യാഴാഴ്ച ജീവിതത്തില്‍ മറക്കാന്‍പറ്റാത്ത വിസ്മയദിനമായിരുന്നു.

വാര്‍ത്തകളില്‍ മാത്രം കണ്ടും കേട്ടും പരിചയിച്ച സ്ഥലങ്ങളായ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കൊരു വിമാനയാത്ര, അതും സൗജന്യമായി. ഒരു ട്രെയിനില്‍പോലും കയറിയിട്ടില്ലാത്ത അവിവാഹിതരായ ഇവര്‍ക്ക് ഇത് അമ്പരപ്പിന്റെയും ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും ആകാശയാത്രയായി.അടൂര്‍ പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ചാരിറ്റി വിഭാഗമായ സാധുജനക്ഷേമനിധിയും എയര്‍ലൈന്‍ ട്രെയിനിങ് സ്ഥാപനമായ അടൂര്‍ അയാട്‌സും ചേര്‍ന്നാണ് ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളും യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്കുമായി സൗജന്യ വിമാനയാത്ര സംഘടിപ്പിച്ചത്. 10 അംഗസംഘമാണ് യാത്ര നടത്തിയത്. 75 വയസ്സുള്ള ഗ്രേസി ഉള്‍പ്പെടെ ഏഴ് സ്ത്രീകളും 3 പുരുഷന്മാരുമാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ 7ന് തിരുവനന്തപുരത്തേക്ക് യാത്രതുടങ്ങി. വിമാനത്താവളത്തിലെത്തിയ സംഘത്തെ സിനിമ, സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്വീകരിച്ചു. ചിലര്‍ സമ്മാനങ്ങള്‍ നല്‍കി. വിമാനത്താവളം സന്ദര്‍ശിച്ച സംഘം 12 ഓടെ െകാച്ചിയിലേക്കു പറന്നു. കൊച്ചിയിലെത്തിയശേഷം വൈകീട്ട് 6 ഓടെ തിരികെയെത്തി. ഇടയ്ക്ക് ആലപ്പുഴ ബീച്ചും കാണാന്‍ സമയം കണ്ടെത്തി. ഒരു സ്വപ്നം കണ്ടതുപോലെയുള്ള അനുഭവങ്ങളുമായാണ് ഇവര്‍ ഒാേരാരുത്തരും വീട്ടിലേക്കു മടങ്ങിയത്. ഫാ.കുര്യന്‍ വര്‍ഗീസ്, അയാട്‌സ് ഡയറക്ടര്‍ പി.പി.ജോര്‍ജ്കുട്ടി, സാധുജനക്ഷേമനിധി കണ്‍വീനര്‍മാരായ റോബിന്‍ ബേബി, കെ.കെ.റെജി എന്നിവര്‍ നേതൃത്വം നല്‍കി.

 

 




MathrubhumiMatrimonial