Crime News

പയ്യോളി മനോജ് വധം: സി.പി.എം.-ബി.ജെ.പി. സമവായമെന്ന് ആക്ഷേപം

Posted on: 21 Mar 2015


കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിലെ യഥാര്‍ഥ പ്രതികളാരെന്ന് വ്യക്തമായിട്ടും നടപടികളില്ലാത്തത് രാഷ്ട്രീയ ധാരണയുടെ ഭാഗമായാണെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആറുപേര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

കോടതി പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാമ്യത്തിലിറങ്ങിയ അജിത്ത്കുമാര്‍, ജിതേഷ്, ബിജു, നിസാം, നിധീഷ്, പ്രിയേഷ് എന്നിവരാണ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കേസില്‍ പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പൃഥ്വിരാജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അവഗണിച്ച് മുന്‍പ് നാദാപുരം സി.ഐ. തയ്യാറാക്കിയ കുറ്റപത്രം തന്നെ സമര്‍പ്പിക്കാനുള്ളനീക്കമാണ് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറയുകയും ചെയ്തു. കൃത്യത്തില്‍ പങ്കെടുത്ത യഥാര്‍ഥകുറ്റവാളികളെ കേസില്‍ പ്രതിചേര്‍ക്കുമ്പോള്‍ അത് സി.പി.എം.-ബി.ജെ.പി. പ്രാദേശിക നേതാക്കളെ ബാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മത്സരരംഗത്ത് എത്താനുള്ളവരാണ് ഈ നേതാക്കളെന്നും ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളവര്‍ വ്യക്തമാക്കി.

തങ്ങളുടെ നിരപരാധിത്യം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെയുള്ള എല്ലാശാസ്ത്രീയ പരിശോധനകള്‍ക്കും തയ്യാറാണെന്ന് വ്യക്തമാക്കി വിചാരണ കോടതിയായ എരഞ്ഞിപ്പാലത്തെ വഖഫ് കോടതിയിലും ഹൈക്കോടതിയിലും അടുത്തദിവസം അപേക്ഷ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.

 

 




MathrubhumiMatrimonial