
ഉള്‍വനത്തില്‍ അവശയായിക്കിടന്ന വയോധികയെ ആസ്‌പത്രിയിലെത്തിച്ചു
Posted on: 21 Mar 2015

കരുളായി: ഉള്‍വനത്തില്‍ അവശയായിക്കിടന്ന ചോലനായ്ക്ക വയോധികയെ ആസ്പത്രിയിലെത്തിച്ചു. നാഗമലയില്‍ വസിക്കുന്ന താടിമാതന്റെ ഭാര്യ ചാത്തി (60)െയയാണ് വ്യാഴാഴ്ച ഉച്ചയോടെ ആരോഗ്യപ്രവര്‍ത്തകരും, മഹിളാ സമഖ്യ പ്രവര്‍ത്തകരുംചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്.
രണ്ടാഴ്ചയായി പനിയും ശരീരവേദനയുമായി അളയില്‍ കിടന്നിരുന്ന ചാത്തിയെ ചോലനായ്ക്കര്‍ വിവരമറിയിച്ചതിനെ ത്തുടര്‍ന്ന് ബുധനാഴ്ച കരുളായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ സന്ദര്‍ശിച്ചിരുന്നു. മൂന്നുദിവസമായി ഭക്ഷണം കഴിക്കാതെ കിടക്കുകയായിരുന്നചാത്തി എഴുന്നേല്‍ക്കാനാവാത്തവിധം അവശയായിരുന്നു. പത്തുകിലോമീറ്റര്‍ മലയിറങ്ങി വന്നാലേ വാഹനം എത്തുന്ന വലിയതോടിലെത്തൂ. അവിടെവരെ എത്തിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ബുധനാഴ്ച മടങ്ങുകയായിരുന്നു. ചാത്തിക്ക് ക്ഷീണമകറ്റുന്നതിനുള്ള ഒ.ആര്‍.എസ് ഇവര്‍ നല്‍കി. ഭക്ഷണംനല്‍കാന്‍ കൂടെയുള്ളവരെ ചുമതലപ്പെടുത്തുകയുംചെയ്തു. ചാത്തിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന വിവരം ഇവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ആരോഗ്യവകുപ്പു ജീവനക്കാരായ അജി ആനന്ദ്, അനൂപ് ഡാനിയേല്‍ എന്നിവരും മഹിളാസമഖ്യ പ്രവര്‍ത്തകരായ വി. ഫസീല, ജസീറ എന്നിവരും ചാത്തിയെ കൊണ്ടുവരാനായി വലിയതോട്ടിലേക്കുപോയി. അവിടംവരെ ഭര്‍ത്താവും മക്കളും ചേര്‍ന്ന് ചാത്തിയെ എത്തിക്കുകയും ചെയ്തു.
ആസ്പത്രിയിലെത്തിച്ച ചാത്തിയെ ഡോക്ടര്‍ അഡ്മിറ്റ് ചെയ്തു. കുരങ്ങുപനിയാണോ എന്നറിയാന്‍ ഇവരുടെ രക്തസാമ്പിളെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. എക്‌സറേയുമെടുത്തു. കരുളായി ഗ്രാമപ്പഞ്ചായത്തംഗം കെ. സുന്ദരന്‍ ആസ്പത്രിയില്‍ ഇവര്‍ക്കുവേണ്ട സൗകര്യം ചെയ്തുകൊടുത്തു.
ഭര്‍ത്താവ് താടിമാതന്‍, മകന്‍ ഹരിദാസ്, ഹരിദാസന്റെ ഭാര്യ വെള്ളക എന്നിവര്‍ക്ക് കഴിഞ്ഞവര്‍ഷം കുരങ്ങുപനി പിടിച്ചിരുന്നു. .
